ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകപിന്തുണയുള്ള താരങ്ങളാണ് ധോണിയും സച്ചിനും. സച്ചിന് ബാറ്റ് കൊണ്ട് ഇതിഹാസം രചിച്ചുവെങ്കില്‍ തന്റെ ക്യാപ്റ്റന്‍സി കൊണ്ടാണ് ധോണി ആരാധകരുടെ ഇഷ്ടക്കാരനായത്.. ഇപ്പോഴിതാ, ജനകീയതയുടെ കാര്യത്തില്‍ സച്ചിനെയും മറികടന്നിരിക്കുകയാണ് ധോണി.
‘ യൂഗോവ് ‘ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയില്‍ ഏറ്റവും ജനകീയനായ കായികതാരമായി ധോണി തെരഞ്ഞെടുക്കപ്പെട്ടത്. 40 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത സര്‍വ്വേയില്‍ 7.7 ശതമാനം പേരും ധോണിയെ പിന്തുണക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ലഭിച്ചതാവട്ടെ, 6.8 ശതമാനം വോട്ടുകളും. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന വിരാട് കോഹ്ലിക്ക് ലഭിച്ചത് 4.5 ശതമാനം വോട്ടുകളാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഊര്‍ജ്ജം പകരുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ധോണി വഹിച്ചത്. ധോണിയുടെ കീഴില്‍ ലോക ടി20 കിരീടവും ലോകകപ്പും ഇന്ത്യ നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി പിന്നീട് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ചെയ്തു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.