SHARE

വെസ്റ്റിൻഡീസിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ അർധ സെഞ്ചുറി നേടിയെങ്കിലും വലിയ വിമർശനങ്ങളാണ് ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഉയർന്നത്. 61 പന്തിൽ 56 റൺസെടുത്ത ധോണിയുടെ പതുക്കെയുള്ള ഇന്നിംഗ്സാണ് വിമർശനങ്ങൾക്ക് വഴി വെച്ചത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും മറ്റും ധോണി ഏറെ ബുദ്ധിമുട്ടുന്നത് മത്സരത്തിലെ സങ്കടകരമായ കാഴ്ചയായിരുന്നു.

കളിക്ക് ശേഷം ധോണിയുടെ ഈ മെല്ലെപ്പോക്ക് ഇന്നിംഗ്സിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ രംഗത്തെത്തി. ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയെന്നും, സ്പിന്നർമാർക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാൻ കഴിയുന്നില്ലെന്നും ലക്ഷ്മൺ പറയുന്നു. ” ധോണിയെപ്പോലൊരു പരിചയസമ്പന്നനായ കളികാരനിൽ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിംഗ്സ് ടീംപ്രതീക്ഷിക്കുന്നുണ്ട്‌. നിലവിൽ ബാറ്റിംഗിനോടുള്ള ധോണിയുടെ സമീപനം ശരിയല്ല.” ലക്ഷ്മൺ പറഞ്ഞുനിർത്തി.

ലക്ഷ്മൺ, ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിംഗ്സിനെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ, മുൻ ഇന്ത്യൻ നായകൻ ഗാംഗുലിയാകട്ടെ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി. ധോണി കളിക്കുന്ന രീതിയോട് നമ്മൾ പൊരുത്തപ്പെടണമെന്നും അദ്ദേഹത്തിന്റെ സമീപനത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നുമായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.