SHARE

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ അവസാന ഏകദിനം നാളെ നടക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ, നാലാം മത്സരത്തിൽ ന്യൂസിലൻഡ് വിജയം കണ്ടിരുന്നു. അവസാന ഏകദിനം ജയിച്ച് പരമ്പര 4-1 ന് സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന‌ മഹേന്ദ്ര സിംഗ് ധോണി നാളത്തെ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.

പിൻ തുട‌ഞരമ്പിനേറ്റ പരിക്കിനെത്തുടർന്നാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ധോണി കളിക്കാതിരുന്നത്. ധോണി ടീമിലെത്തുമ്പോൾ ദിനേഷ് കാർത്തിക്കിനാവും സ്ഥാനം നഷ്ടമാവുക. കഴിഞ്ഞ മത്സരത്തിൽ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ നാളെയും കളിക്കുമെന്നാണ്‌ സൂചന. കഴിഞ്ഞ മത്സരത്തിൽ നിന്ന് വിശ്രമം അനുവദിച്ച മൊഹമ്മദ് ഷാമി‌ ടീമിലേക്ക് തിരിച്ചെത്തിയേക്കും. പരമ്പരയിലെ അവസാന മത്സരമായതിനാൽ കുൽദീപ് യാദവ് – യുസ്വേന്ദ്ര ചഹൽ സ്പിൻ ദ്വയങ്ങളിൽ ഒരാൾക്ക് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കും.

ഇന്ത്യൻ സാധ്യതാ ഇലവൻ – ശിഖാർ ധവാൻ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹൽ, ഖലീൽ അഹമ്മദ്, മൊഹമ്മദ് ഷാമി.