SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുന്ന ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്‌. കൂടുതൽ സർപ്രൈസുകളൊന്നും ടീമിൽസംഭവിച്ചില്ലെന്നും യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ഒരു പറ്റം ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ടീമിന്റെ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി പന്ത് ടീമിലെത്തുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും സീനിയർ താരം ദിനേഷ് കാർത്തിക്കിനായിരുന്നു ടീമിൽ നറുക്ക് വീണത്. പന്തിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കായതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് പ്രസാദ് പറയുന്നു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പന്തിനെ മറികടന്ന് കാർത്തിക്കിനെ ഉൾപ്പെടുത്തിയതിന്റെ കാരണം മുംബൈയിൽ കഴിഞ്ഞ‌ദിവസം നടന്ന പത്രസമ്മേളനത്തിനിടെയാണ് പ്രസാദ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “കാർത്തിക്കോ, പന്തോ എന്ന കാര്യത്തിൽ ദൈർഘ്യമേറിയ ചർച്ചകളാണ് നടന്നത്. ധോണിക്ക് പരിക്കേൽക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ കാർത്തിക്കോ, പന്തോ കളിക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഞങ്ങളെല്ലാവരും. പ്രധാനപ്പെട്ടൊരു മത്സരത്തിൽ വിക്കറ്റ് കീപ്പിംഗും വളരെയധികം പ്രധാനപ്പെട്ടതാണ്. അത് കൊണ്ടാണ് പന്തിനെ മറികടന്ന് ദിനേഷ് കാർത്തിക്കിനെ ടീമിലെടുക്കാൻ തങ്ങൾ തീരുമാനിച്ചത്.” പ്രസാദ് പറഞ്ഞുനിർത്തി.