SHARE

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ചർച്ച ചെയ്യുന്ന കാര്യമാണ് സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണിയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയത്. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരുമടക്കമുള്ള പലരും ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ധോണി ഇത് വരെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല, ഇപ്പോളിതാ ടീമിൽ നിന്ന് ഒഴിവാക്കിയ കാര്യം അറിഞ്ഞപ്പോൾ ധോണിയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെലക്ഷൻ കമ്മറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്.

ടി20 ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കുന്ന കാര്യം പറയാൻ തനിക്ക്‌ ധോണിയോട് സംസാരിക്കേണ്ടി വന്നെന്നും എന്നാൽ‌ വളരെ സൗമ്യനായാണ് ധോണി കാര്യങ്ങളെല്ലാം കേട്ടതെന്നും പറഞ്ഞ പ്രസാദ്, ഇങ്ങനെ കൂട്ടിച്ചേർത്തു, ” താൻ ധോണിയോട് സംസാരിച്ചിരുന്നു, ടീമിൽ ഒരു രണ്ടാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വേണമെന്ന ആവശ്യം താൻ അദ്ദേഹത്തെ അറിയിച്ചു. അത് കൊണ്ട് തന്നെ ധോണിയെ ഒഴിവാക്കുകയാണെന്നും പകരം മറ്റ് വിക്കറ്റ് കീപ്പർമാർക്ക് അവസരം നൽകുകയാണെന്നും പറഞ്ഞു. എന്നാൽ വളരെ സൗമ്യനായി ഇതെല്ലാം കേട്ട ധോണി, യാതൊരു അനിഷ്ടവും കാണിക്കാതെ താൻ പറഞ്ഞ കാര്യങ്ങളെ പിന്തുണയ്ക്കുകയായിരുന്നു”. പ്രസാദ് പറഞ്ഞുനിർത്തി.

അതേ സമയം വെസ്റ്റിൻഡീസിനും, ഓസ്ട്രേലിയക്കുമെതിരായ ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതോടെ ധോണിയുടെ ടി20 കരിയറിന് ഏറെക്കുറേ അവസാനമായതായാണ് കരുതപ്പെടുന്നത്. 2007 ൽ ഇന്ത്യയെ പ്രഥമ ടി20 ലോകകിരീടത്തിലേക്ക് നയിച്ച‌ധോണി, 93 ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 37.17 ശരാശരിയിൽ 1487 റൺസാണ് കുട്ടി ക്രിക്കറ്റിൽ താരത്തിന്റെ സമ്പാദ്യം.