SHARE

ഈ‌ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ ഏകദേശ തീരുമാനമായെന്നും എന്നാൽ ടീമിലെ ഒരു സ്ഥാനത്തിന് വേണ്ടി ഇപ്പോളും മത്സരം നടക്കുകയാണെന്നും ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. ഒരേയൊരു സ്ഥാനം മാത്രമാണ് നിലവിൽ ടീമിൽ അവശേഷിക്കുന്നതെന്നും ഈ ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് താരങ്ങളാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു‌. കഴിഞ്ഞ ദിവസം ഇ എസ് പിഎൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിങ്ക്യ രഹാനെ, വിജയ് ശങ്കർ, ഋഷഭ് പന്ത് എന്നീ മൂന്ന് പേരാണ് ഇന്ത്യൻ ടീമിൽ ബാക്കിയുള്ള ഒരു ലോകകപ്പ്‌ സ്ഥാനത്തിനായി മത്സരിക്കുന്നതെന്ന് എം എസ് കെ പ്രസാദ് പറയുന്നു‌. പന്തിന്റെ കഴിഞ്ഞ ഒരു വർഷക്കാലത്തെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നും ലോകകപ്പ് സ്ഥാനത്തിനായി ശക്തമായ മത്സരമാണ് അദ്ദേഹം തന്റെ സഹതാരങ്ങൾക്ക് നൽകുന്നതെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

നിലവിൽ ഏകദിന ടീമിലില്ലെങ്കിലും സീനിയർ താരമായ അജിങ്ക്യ രഹാനയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലുണ്ടെന്ന് എം എസ് കെ പ്രസാദ് പറയുന്നു. ടീമിൽ ബാക്കിയുള്ള ഒരേയൊരു‌ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന മൂന്നാമത്തെയാൾ വിജയ് ശങ്കറാണ്. ഓൾറൗണ്ട് മികവുകളുള്ള ‌വിജയ് ശങ്കർ, ടീമിലെ നാലാം ഓൾറൗണ്ടറായി ലോകകപ്പിനുള്ള 20 അംഗ സംഘത്തിൽ ഉണ്ടാകുമെന്നും ഈ ഇരുപത് പേരിൽ നിന്നാകും ലോകകപ്പ് കളിക്കുന്ന അവസാന 15 അംഗ ടീമിനെ തിരഞ്ഞെടുക്കുക യെന്നും എം എസ് കെ‌പ്രസാദ് കൂട്ടിച്ചേർത്തു.