SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസ് ബൗളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രിത് ബുംറ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമ്മാറ്റുകളിലും ഒരേ പോലെ അപകടകാരിയായ ബുംറ ഏകദിന ബോളിങ് റാങ്കിംഗിൽ ഒന്നാമതും, ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാമതുമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വന്ന സമയത്ത് ബുംറ നിശ്ചിത ഓവർ മത്സരങ്ങളിൽ മാത്രമായിരുന്നു കളിച്ച് കൊണ്ടിരുന്നത്. എന്നാൽ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ മിന്നും പ്രകടനമാണ് അവിടെയും താരം പുറത്തെടുക്കുന്നത്. നിശ്ചിത ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് കളിച്ച് കൊണ്ടിരുന്ന ബുംറയെ എങ്ങനെയാണ് ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്.

2018 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി ട്രോഫിയിൽ കളിക്കാൻ ബുംറയെ അയച്ചെന്നും, വളരെ മികച്ച പ്ലാനിംഗിന് ശേഷമാണ് അദ്ദേഹം ടെസ്റ്റിൽ അരങ്ങേറുന്നതെന്നുമാണ് പ്രസാദ് പറയുന്നത്. പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ, ” ബുംറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല. എന്നാൽ ബുംറയെപ്പോലൊരു താരത്തിന്റെ ബോളിംഗ് വിദേശ പര്യടനങ്ങളിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ടീം മാനേജ്മെന്റ് മനസിലാക്കിയപ്പോൾ ബുംറയുടെ ഫിറ്റ്നസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ‌ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് നടന്ന നിശ്ചിത ഓവർ പരമ്പരകളിൽ നിന്ന് അദ്ദേഹത്തിന് വിശ്രമം നൽകുകയും, രഞ്ജി‌ട്രോഫിയിൽ കളിക്കാൻ അയക്കുകയും ചെയ്തു. അങ്ങനെ ഒത്തിരി പദ്ധതികൾക്ക് ശേഷമാണ് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തുന്നത്.” എം എസ് കെ പ്രസാദ് പറഞ്ഞുനിർത്തി.