SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി, സ്റ്റാർ സ്പിന്നർമാരായ കുൽദീപ്‌യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരുടെ ടീമിൽ നിന്നുള്ള അഭാവമായിരുന്നു ഏറ്റവും ശ്രദ്ധേയം. ധോണി ടൂർണമെന്റിൽ നിന്ന് സ്വയംപിന്മാറിയതാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കുൽദീപും, ചഹലും ടീമിലില്ലാത്തതിന്റെ കാരണം ആർക്കും മനസിലായിരുന്നില്ല. എന്നാൽ അതിന് പിന്നിലെ കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്.

കുൽദീപിനേയും, ചഹലിനേയും വീണ്ടും ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്തെന്ന ചോദ്യത്തിന് മറ്റ് സ്പിന്നർമാരുടെ മികവ് പരീക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തെന്നായിരുന്നു പ്രസാദിന്റെ മറുപടി. 2020 ലെ‌ടി20 ലോകകപ്പിന് മുൻപ് ടീമിന്റെ സ്പിൻ കരുത്ത് വർധിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ ” 2020 ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് പിന്നോടിയായി സ്പിന്നർമാരുടെ മികച്ചൊരു പൂൾ ഉണ്ടാക്കാനാണ് എന്റെ ശ്രമം. രാഹുൽചഹർ, കൃണാൽ പാണ്ട്യ, വാഷിംഗ്ടൺ സുന്ദർ എന്നീ താരങ്ങൾ കഴിഞ്ഞ പരമ്പരയിൽ നന്നായി കളിച്ചു. അതിനാൽ അവർക്ക് ഒരു അവസരം കൂടി കൊടുക്കുന്നതിൽ തെറ്റില്ല. അവർ അത് അർഹിക്കുന്നു.” പ്രസാദ് പറഞ്ഞുനിർത്തി.