SHARE

ഇംഗ്ലണ്ട് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സ്ഥാനം ലഭിക്കാതിരുന്ന പ്രമുഖരില്‍ ഒരാളാണ് അമ്പാട്ടി റായുഡു. റായുഡു നാലാമനായി ടീമില്‍ ഉണ്ടാവുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ താരത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്.

‘ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നാലാം സ്ഥാനത്ത് നിരവധി താരങ്ങളെയാണ് നമ്മള്‍ പരീക്ഷിച്ചത്, അമ്പാട്ടി റായുഡുവിനും നിരവധി തവണ അവസരങ്ങള്‍ നല്‍കിയിരുന്നു, എന്നാല്‍ നിലവില്‍ നാലാമനായി വിജയ് ശങ്കറിന് തിളങ്ങാന്‍ സാധിക്കുമെന്ന് വിലയിരുത്തുകയായിരുന്നു, ശങ്കര്‍ ഓള്‍ റൗണ്ടറായതിനാല്‍ അത് ടീമിന് അധിക ഗുണം നല്‍കുകയും ചെയ്യും, നാലാം സ്ഥാനത്ത് വിജയ് ശങ്കറെ കളിപ്പിക്കാനാണ് തീരുമാനം’ – ചീഫ് സെലക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.