ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസമാണ് യുക്രൈൻ വിങ്ങർ മിഖായലോ മുഡ്രിക്ക് അരങ്ങേറ്റം കുറിച്ചത്. വൻതുക മുടക്കി ചെൽസി സൈൻ ചെയ്ത ഈ 22-കാരൻ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ലിവർപൂളിനെതിരെയാണ് ആദ്യമായി പ്രീമിയർ ലീഗിൽ പന്ത് തട്ടിയത്.
55-ാം മിനിറ്റിൽ ലൂയിസ് ഹാളിന് പകരമായിറങ്ങിയ മുഡ്രിക്ക് അരമണിക്കൂറിൽ കൂടുതൽ മാത്രമെ കളിക്കളത്തിലുണ്ടായിരുന്നുള്ളു. ഇതിനിടയിൽ തന്നെ ചില കിടിലൻ മുന്നേറ്റങ്ങൾ നടത്തി മുഡ്രിക്ക് ചെൽസി ആരാധകരുടെ കൈയ്യടിയേറ്റുവാങ്ങി. എന്നാൽ ഇതിനുപുറമെ ഈ ചുരുങ്ങിയ സമയം ഈ സീസണിലെ പ്രീമിയർ ലീഗിലെ വേഗതയുടെ റെക്കോർഡും മുഡ്രിക്ക് സ്വന്തമാക്കി.
മത്സരത്തിനിടയിൽ മണിക്കൂറിൽ 36.63 കിലോമീറ്റർ വേഗത മുഡ്രിക്ക് കൈവരിച്ചിരുന്നു. ഇതോടെയാണ് ഈ സീസണിലെ ഏറ്റവും വേഗമേറിയ താരമായി മുഡ്രിക്ക് മാറിയത്. 36.61 കിലോമീറ്റർ വേഗതയിൽ കുതിച്ച എവർട്ടന്റെ ആന്റണി ഗോർഡനെയാണ് മുഡ്രിക്ക് മറികടന്നത്. ലിവർപൂളിന്റെ യുറുഗ്വായൻ സ്ട്രൈക്കർ ഡാർവിൻ ന്യൂനസ്, മഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് എന്നിവരാണ് വേഗതയുടെ കാര്യത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ.