SHARE

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീം കോമില വിക്ടോറിയന്‍സ്. അഫ്ഗാനിസ്ഥാന്റെ വണ്ടര്‍കിഡ് മുജീബ് സദ്രാനെന്ന പതിനാറുകാരനെ ടീമിലെത്തിച്ചാണ് കോമില ഏവരെയും അത്ഭുതപ്പെടുത്തിയത്. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കിരീടം ചൂടിയപ്പോള്‍ അഞ്ചു കളിയില്‍ 20 വിക്കറ്റാണ് ഈ യുവസ്പിന്നര്‍ പിഴുതത്.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റഷീദ് ഖാന്റെ പിന്‍ഗാമിയെന്നാണ് ഈ 16കാരനെ വിശേഷിപ്പിക്കുന്നത്. ബാറ്റ്‌സ്മാനെ വിസ്മയിപ്പിക്കുന്ന രീതിയില്‍ പന്തെറിയാനുള്ള കഴിവാണ് മുജീബിനെ വ്യത്യസ്തനാക്കുന്നത്. ബിപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം കോമിലയ്ക്കായി പന്തെറിയും.

പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ മുജീബ് അഞ്ചു വിക്കറ്റ് നേടിയിരുന്നു. ഇതിനു മുമ്പ് നടന്ന ബംഗ്ലാദേശ് പര്യടനത്തില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നു വീഴ്ത്തിയത് 17 വിക്കറ്റുകള്‍. ഇതുവരെ ആറു ട്വന്റി-20 മത്സരങ്ങള്‍ കളിച്ച യുവതാരം 26.80 ശരാശരിയില്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി.