SHARE

ഈ സീസണ്‍ രഞ്ജി ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബറോഡയെ നേരിടുന്ന മുംബൈയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. അഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് ഇത്തവണ ടീമിന്റെ നായകന്‍. ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ എന്നിവരും ഉള്‍പ്പെടുന്ന മുംബൈ കടലാസില്‍ ഇത്തവണയും അതിശക്തരാണ്.

നാല്‍പ്പത്തിയൊന്ന് തവണ രഞ്ജി ചാമ്പ്യന്മാരായ മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം ഡിസംബര്‍ ഒന്‍പതിന് ബറോഡയ്‌ക്കെതിരെയാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെ ആണ് ഉപനായകന്‍. സര്‍ഫറാസ് ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍,ധവാല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങള്‍. ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് ബിസിസിഐ യുടെ എട്ട് മാസ വിലക്ക് നേരിട്ടതിന് ശേഷം തിരിച്ചെത്തിയ പൃഥ്വി ഷാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

രഞ്ജി ട്രോഫിയിലും ഈ മികവ് തുടരാന്‍ താരത്തിന് കഴിഞ്ഞാല്‍ മുംബൈയ്ക്ക് അത് വലിയ ഊര്‍ജ്ജമാകും. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുടെ സാന്നിധ്യവും ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്.

മുംബൈ രഞ്ജി ടീം ഇങ്ങനെ-സൂര്യകുമാര്‍ യാദവ്, ആദിത്യ താരെ, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ,ജയ് ബിസ്റ്റ, ശുഭം രഞ്ജന്‍, ആകാഷ് പര്‍കര്‍, സര്‍ഫറാസ് ഖാന്‍, ഷംസ് മുലാനി, വിനായക് ബോയര്‍, ശശാങ്ക് അറ്റാര്‍ഡെ, ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേഷ്പാണ്ടെ, ധവാല്‍ കുല്‍ക്കര്‍ണി, ഏക് നാഥ് കെര്‍കര്‍.