SHARE

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. രോഹിത് ശര്‍മ്മയും ഇവിന്‍ ലൂയിസും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 213-6 റണ്‍സാണ് മുംബൈ നേടിയത്. 52 പന്തിൽ 5 സിക്സുകളും 10 ഫോറുകളുമടക്കം 94 റൺസാണ് രോഹിത് നേടിയത്.

ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി പതിവു തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിന് ക്ഷണിച്ചു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന തുടക്കമാണ് ഉമേഷ് യാദവ് ബാംഗ്ലൂരിന് നല്‍കിയത്. ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ്. അതും കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് വെടിക്കെട്ട് പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിന്റെയും ഫോമിലുള്ള ഇഷന്‍ കിഷന്റെയും. രണ്ടു താരങ്ങളും ഉമേഷ് യാദവിന്റെ പന്തില്‍ കുറ്റി തെറിച്ച് പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല മുംബൈ. എന്നാല്‍ ഇവിന്‍ ലൂയിസും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ടീമിനെ വലിയ പരുക്കുകളില്ലാതെ മുന്നോട്ടു നയിച്ചു.

അടുത്ത ഓവര്‍ മുതല്‍ തന്നെ ഇരുവരും അടിച്ചു തുടങ്ങിയിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 60-2 എന്ന സ്‌കോറിലും എത്തി അവര്‍. ഒടുവില്‍ ഇവിന്‍ ലൂയിസിനെ വീഴ്ത്തി കോറി ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ട് പൊളിച്ചുവെങ്കിലും മികച്ച സ്കോറിനുള്ള അടിത്തറ മുംബെെയ്ക്ക് ലഭിച്ചിരുന്നു. മൂന്നാം വിക്കറ്റില്‍ രോഹിതും ലൂയിസും ചേര്‍ന്ന് 108 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. ഇവിന്‍ ലൂയിസ് 42 പന്തില്‍ 65 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യ 15 റണ്‍സെടുത്ത് റണ്ണൗട്ടായി.

എന്നാല്‍ തന്റെ വെടിക്കെട്ട് തുടര്‍ന്ന രോഹിത് അതിനിടെ അര്‍ധസെഞ്ചുറിയും തികച്ചു. 19ാം ഓവറിൽ കൂറ്റനടിക്ക് മുതിർന്ന കീറോൺ പൊള്ളാർഡ് ക്രിസ് വോക്സിന് വിക്കറ്റ് സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായെന്ന് അംപയർ വിധിച്ചുവെങ്കിലും ഡി ആർ എസ് മുംബെെ ഇന്ത്യൻസിനെ രക്ഷിച്ചു. അടുത്ത രണ്ടു പന്തുകളും സിക്സറിന് പറത്തിയാണ് ഹാർദിക് അത് ആഘോഷിച്ചത്. അവസാന ഓവറിൽ സെഞ്ചുറിയിലേക്ക് കുതിക്കുകയാണെന്ന്  തോന്നിപ്പിച്ച ശേഷം രോഹിത് കോറി ആൻഡേഴ്സണ് വിക്കറ്റ് സമ്മാനിച്ചു. ഹാർദിക് പാണ്ട്യ 5 പന്തിൽ 17 റൺസെടുത്ത് പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവും കോറി ആൻഡേഴ്സണും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.