സെനഗലീസ് താരം മോദു സോഗുവിന്റെ ഹാട്രിക്ക് മികവിൽ എ.ടി.കെയെ തകർത്ത് മുംബൈ സിറ്റി ഐ.എസ്.എൽ പ്ലേഓഫ് ഉറപ്പിച്ചു. കൊൽക്കത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ നേടി മുംബൈ എ.ടി.കെയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. 26-ാം മിനിറ്റിലായിരുന്നു സോഗുവിന്റെ ആദ്യ ഗോൾ പ്രഞ്ജൽ ഭൂമിജാണ് ഗോളിന് വഴിയൊരുക്കിയത്. പതിനാറ് മിനിറ്റുകൾക്ക് ശേഷം സോഗു വീണ്ടും ഗോൾ നേടി. ഇക്കുറി ഗോളിന് വഴിയൊരുക്കിയത്, കോംഗോ താരം അർനോൾഡ് ഇസോക്കൊ.
രണ്ടാം പകുതി തുടങ്ങി പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം സോഗു ഹാട്രിക്കും തികച്ചു. മൂന്നാം ഗോളിന് വഴിയൊരുക്കിയത് യുറുഗ്വെ താരം മത്യാസ് മിറാബജെ. ഏഴ് മിനിറ്റുകൾക്ക് ശേഷം എ.ടി.കെ ആശ്വാസ ഗോൾ നേടി. പ്രീതം കൊട്ടാൽ ഒരുക്കിയ വഴിയിൽ ആന്ദ്രെ ബീകെയാണ് വലകുലുക്കിയത്.
വിജയത്തോടെ മുപ്പത് പോയിന്റുമായാണ് മുംബൈ സിറ്റി പ്ലേ ഓഫ് ഉറപ്പിച്ചത്. ബെംഗളുരു എഫ്.സി, ഗോവ എന്നിവർ നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. അടുത്ത മത്സരം ജയിച്ചാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും പ്ലേഓഫിലെത്താം