SHARE

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം. ബിഹാറിനെ ഒന്‍പതു വിക്കറ്റിനാണ് ശക്തരായ മുംബൈ തോല്പിച്ചത്. ആദ്യം ബാറ്റുചെയ്ത ബിഹാര്‍ 28.2 ഓവറില്‍ വെറും 69 റണ്‍സിന് പുറത്തായി. മുംബൈയാകട്ടെ വിജയലക്ഷ്യം വെറും 12.3 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മ 42 പന്തില്‍ 33 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ബിഹാറിന് കണ്ണടച്ചു തുടക്കും മുമ്പേ മുന്‍നിരയെ നഷ്ടമായി. രണ്ടാം ഓവറില്‍ വികാസ് രഞ്ജന്‍ പുറത്തായതിനു പിന്നാലെ തുരുതുരാ വിക്കറ്റുകള്‍ വീണു. രണ്ടുപേര്‍ മാത്രമാണ് ബിഹാര്‍ നിരയില്‍ രണ്ടക്കം കടന്നത്. 18 റണ്‍സെടുത്ത മുഹമ്മദ് റഹ്മത്തുള്ളയാണ് ടോപ്‌സ്‌കോറര്‍. അഞ്ചുവിക്കറ്റെടുത്ത തുഷാര്‍ ദേശ്പാണ്ഡെയാണ് എതിരാളികളെ തകര്‍ത്തത്.