SHARE

പോയ സീസണിൽ ഐ എസ് എൽ ഫൈനലിലെത്തിയ ചെന്നൈയൻസ് ടീമിലുണ്ടായിരുന്ന പ്രതിരോധ താരം ടൊൻഡോൻബ സിംഗിനെ റാഞ്ചാനൊരുങ്ങി മുംബൈ സിറ്റി എഫ് സി. ഗോൾ ഡോട്ട്കോമാണ് ഇപ്പോൾ ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

25 കാരനായ ടൊൻഡോൻബ, ഐലീഗ് ടീമായ നെറോക്ക എഫ് സി യുടെ യൂത്ത് ടീമിലൂടെയാണ് ഇന്ത്യൻ ഫുട്ബോളിലേക്ക് ഉയർന്ന് വന്നത്. തന്റെ പതിനാറാം വയസിൽ നെറോക്കയുടെ സീനിയർ ടീമിലും താരം ഇടം പിടിച്ചു. 2017-18 സീസൺ ഐലീഗിൽ നെറൊക്ക എഫ് സിക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു ഈ ഫുൾ ബാക്ക് താരം കാഴ്ച വെച്ചത്.

ഗിഫ്റ്റ് റൈഖാന് കീഴിൽ ടീം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഐലീഗ് സീസണിൽ നെറോക്കയുടെ എല്ലാ മത്സരങ്ങളിലും ടൊൻഡോൻബ കളത്തിലിറങ്ങി. നെറോക്കയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങൾ ചെന്നൈയൻസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും, അവർ തൊട്ടടുത്ത സീസണിൽ ടൊൻഡോൻബയെ ടീമിലെത്തിക്കുകയുമായിരുന്നു. ചെന്നൈയൻസിന് വേണ്ടിയുള്ള ആദ്യ സീസണിൽ 10 ഐ എസ് എൽ മത്സരങ്ങളിലും, 4 എ എഫ് സി കപ്പ് മത്സരങ്ങളിലും കളിക്കാനിറങ്ങിയ താരം, ഈ സീസണിൽ 9 ഐ എസ് എൽ മത്സരങ്ങളിലാണ് ടീം ജേഴ്സിയണിഞ്ഞത്.