SHARE

ഐ എസ് എല്‍ ക്ലബ് മുംബൈ സിറ്റി എഫ് സിയുമായി കരാറിലെത്തി ഇന്ത്യന്‍ യുവ മുന്നേറ്റതാരം അലന്‍ ദിയോറി. ഷില്ലോംഗ് ലാജോംഗ് താരമായിരുന്ന ദിയോറിയുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ട വിവരം മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 22കാരനായ താരം 2014-15 ഐ എസ് എല്‍ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 6 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയിലാണ് ദിയോറി തന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടി എഫ് എ, ഐ എം ജി അക്കാദമി ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചു. അതിന് ശേഷം ഷില്ലോംഗ് അക്കാദമിയിലേക്കും, സീനിയര്‍ ടീമിലും ദിയോറി എത്തുന്നത്. എന്നാൽ രണ്ടു ഐ എസ് എൽ സീസണുകളില്‍ ലോണടിസ്ഥാനത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തുകയായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ച വെക്കാന്‍ മുംബൈ സിറ്റി എഫ് സിക്ക് സാധിച്ചിരുന്നില്ല. 18 കളികളില്‍ നിന്ന് 23 പോയന്റ് നേടിയ ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വരുന്ന സീസണ് മുന്നോടിയായി മികച്ച താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണ് ക്ലബ്. അതിന്റെ ഭാഗമായാണ് അലന്‍ ദിയോറിയെയും ടീമിലെത്തിച്ചിരിക്കുന്നത്. ഈ വര്‍ഷം സപ്തംബറില്‍ നടക്കാനിരിക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീമില്‍ ദിയോറി സ്ഥാനം നേടിയിരുന്നു.