SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് മത്സരദിനമല്ല, ഇനി അവർക്ക് അവശേഷിക്കുന്ന ഏക മത്സരം മാർച്ച് ഒന്നിന് ബെംഗളൂരുവിനെതിരെയാണ്. എന്നാൽ മത്സരദിനംപോലെ തന്നെ ഏറെ നിർണായകമായ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സിനിത്. കാരണം കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ പ്രവേശനത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നതാണ് ഇന്ന് ഡെൽഹി ഡൈനാമോസും മുംബൈ സിറ്റിയും തമ്മിൽ നടക്കുന്ന മത്സരം.

ഇന്ന് ഡെൽഹിക്കെതിരായ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ പോയിന്റ് പട്ടികയിൽ കേരളത്തെ മറികടക്കാൻ മുംബൈക്ക് കഴിയും. നിലവിൽ കേരളത്തിന്റെ സമ്പാദ്യം 17 മത്സരങ്ങളിൽ 25 പോയിന്റാണെങ്കിൽ 16 മത്സരങ്ങളിൽ 23 പോയിന്റുകളാണ് മുംബൈ നേടിയിട്ടുള്ളത്. മുംബൈ Vs ഡെൽഹി മത്സരത്തിൽ ഡെൽഹി വിജയിക്കുകയോ, മത്സരം സമനിലയിൽ കലാശിക്കുകയോ ചെയ്യുന്നതാണ് കേരളത്തിന് ഗുണകരം. അങ്ങനെ വരുമ്പോൾ 17 മത്സരങ്ങളിൽ നിന്ന് മുംബൈക്ക് 24 പോയിന്റ് മാത്രമേ ആവുകയുള്ളൂ. അതായത് കേരളവും മുംബൈയും തങ്ങളുടെ അവസാന മത്സരങ്ങളിൽ ജയിച്ചാലും മുംബൈക്ക് ബ്ലാസ്റ്റേഴ്സിനെ മറി കടക്കാനാവില്ല. എന്നാൽ മുംബൈയുടെ ഭീഷണി ഒഴിവായാൽ തന്നെ ജംഷദ്പൂർ എഫ് സി, എഫ് സി ഗോവ എന്നീ ടീമുകൾ കേരളത്തിന് വെല്ലുവിളിയായി ഒപ്പമുണ്ടാകും.

അതേ സമയം നിലവിലെ സാഹചര്യത്തിൽ മുംബൈയെ തോൽപ്പിക്കാൻ ഡെൽഹി ഡൈനാമോസിന് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഈ സീസണിലെ 16 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ മാത്രം നേടാൻ കഴിഞ്ഞിട്ടുള്ള അവർ പോയിന്റ് പട്ടികയിൽ നിലവിൽ എട്ടാംസ്ഥാനത്താണ്.