SHARE

ഇന്ത്യൻ സൂപ്പർ ലീ​​ഗ് ഏഴാം സീസണിൽ ഉജ്ജ്വല പ്രകടനം നടത്തിയ പോർച്ചു​ഗീസ് താരം ലൂയിസ് മച്ചാഡോയെ ഒപ്പം കൂട്ടാനുള്ള മുംബൈ സിറ്റിയുടെ നീക്കം പാളി. അടുത്തിടെ ചേർന്ന പോളണ്ട് ക്ലബ് റാഡോമിയാക്ക് റാഡോമുമായി 2024 വരെ മച്ചാഡോ കരാർ പുതുക്കിയതോടെയാണ് മുംബൈയുടെ മോഹങ്ങൾ പൊലിഞ്ഞത്.

വിങ്ങറായ മച്ചാഡോ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്ത്. സീസണിൽ ഏഴ് ​ഗോളുകൾ നേടിയ മച്ചാഡോയുടെ പ്രകടനം നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫിലേക്കുള്ള കുതിപ്പിൽ നിർണായകമായി. മച്ചാഡോയെ നിലനിർത്താനാണ് ക്ലബ് ആ​ഗ്രഹിച്ചത്. എന്നാൽ പോളണ്ടിൽ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ റാഡോമുമായി മച്ചാഡോ കരാറിലെത്തുകയായിരുന്നു. പോളണ്ട് ക്ലവിനായി കഴിഞ്ഞ ദിവസം മച്ചാഡോ അരങ്ങേറ്റവും കുറിച്ചു. ഇതിനിടെയാണ് താരത്തെ റാഞ്ചാൻ മുംബൈ ശ്രമിച്ചത്.

മച്ചാഡോയെ ട്രാൻസ്ഫർ തുക നൽകി സ്വന്തമാക്കാൻ മുംബൈ സിറ്റി ശ്രമിച്ചെന്നും, എന്നാൽ റാഡോം അത് നിരസിച്ചെന്നുമാണ് പോളണ്ടിലെ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നത്. ഇതിനുപുറമെ മച്ചാഡോ ക്ലബുമായി കരാർ പുതുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ക്ലബിന്റെ സൂപ്പർതാരമായിരുന്ന ഹ്യൂ​ഗോ ബോമോ ഇക്കുറി എ.ടി.കെ മോഹൻ ബ​ഗാനിലേക്ക് പോയി. ഇതോടെ പറ്റിയ ഒരു പ്ലേ മേക്കറെ പകരം തേടുകയാണ് മുംബൈ.