SHARE

കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ പരുക്കിനെത്തുടർന്ന് സീസണിലിനി കളിക്കില്ല എന്ന് വാർത്തകൾ വന്ന് അധികം വൈകാതെ തന്നെ മുംബൈ സിറ്റിക്കും സമാന തിരിച്ചടി. സൂപ്പർതാരവും ക്ലബ് വൈസ് ക്യാപ്റ്റനുമായ റൗളൻ ബോർജസിനാണ് കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് സീസൺ നഷ്ടമാകുക. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

സെൻട്രൽ മിഡ്ഫീൽഡറായ റൗളിൻ 2019-ലാണ് മുംബൈയിലെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലെ ടീമിലെ പ്രധാനതാരമായിരുന്നു റൗളിൻ. തുടർന്നാണ് ഈ സീസണിൽ ക്ലബ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് റൗളിന് നിയോ​ഗിച്ചത്. എന്നാൽ പരുക്കിന്റെ പിടിയിൽ നിന്ന് വിട്ടുമാറാതിരുന്ന റൗളിന് സീസണിൽ മുംബൈക്കായി കാര്യമായൊന്നും ചെയ്യാനായില്ല. സീസണിൽ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് റൗളിൻ കളിച്ചത്.

ഇതിനിടെ റൗളിൻ മുംബൈ വിടുകയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ങാം ഇക്കാര്യം നിഷേധിച്ചു. ഇതിനുശേഷമാണിപ്പോൾ താരം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചത്.