SHARE

ഇല്ല, ചെന്നൈയ്ന്‍ ഇനി രക്ഷപ്പെടില്ല. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സി പതിനൊന്ന് കളികളില്‍ എട്ടാമത്തെ തോല്‍വിയും പൂര്‍ത്തിയാക്കി. മറുവശത്ത് തുടര്‍ച്ചയായി കളികള്‍ ജയിച്ച് മുംബൈ എഫ്‌സിയുടെ പടയോട്ടവും. 2-0ത്തിനാണ് ഇത്തവണ മുംബൈ ജയം. ആറാം ജയത്തോടെ അവര്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 20 പോയിന്റാണ് സ്വന്തം.

മുംബൈ ഫുട്‌ബോള്‍ അരീനയില്‍ പന്തടക്കത്തില്‍ മാത്രം ഒതുങ്ങി ചാമ്പ്യന്മാരുടെ പ്രതാപം. കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കുന്നതില്‍ മുംബൈ വിജയിക്കുകയും ചെയ്തു. റയ്‌നിയര്‍ ഫെര്‍ണാണ്ടസ് (27), മൊഡു സുഗു (55) എന്നിവരാണ് വലകുലുക്കിയത്. അധികം ഒച്ചപ്പാടില്ലാതെ നിശബ്ദമായിട്ടാണ് മുംബൈ ഈ സീസണില്‍ മുന്നേറുന്നത്.

മുംബൈയുടെ മുന്നേറ്റം മുന്‍നിരക്കാരെ മാത്രമല്ല അസ്വസ്ഥരാക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷകള്‍ പൊലിയാത്ത പിന്‍നിരക്കാര്‍ക്കും അവരുടെ മുന്നേറ്റം തിരിച്ചടിയാണ്. വെള്ളിയാഴ്ച്ച പൂനെയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. ഈ കളിയില്‍ ജയിച്ചില്ലെങ്കില്‍ പ്ലേഓഫ് സാധ്യത തന്നെ അവസാനിക്കും.