SHARE

ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യ വില്ലനായേക്കുമോയെന്ന മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഭയത്തിന് വെടിക്കെട്ടോടെ അനിയന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പരിഹാരം. ഐപിഎല്ലില്‍ സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിനാണ് മുംബൈ വീഴ്ത്തിയത്. 16 പന്തില്‍ 37 റണ്‍സെടുത്ത ഹര്‍ദിക്കാണ് അവസാനനിമിഷത്തെ വെടിക്കെട്ടിലൂടെ മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്. ക്വന്റണ്‍ ഡികോക്ക് (40), സൂര്യകുമാര്‍ യാദവ് (29) എന്നിവരും തങ്ങളുടേതായ സംഭാവന നല്കി. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. സ്‌കോര്‍ ബാംഗ്ലൂര്‍ 171-7, മുംബൈ 172-5.

ആദ്യ പത്തോവറില്‍ തന്നെ 100 പിന്നിട്ട മുംബൈയ്ക്ക് വിനയായത് ക്രുണാല്‍ പാണ്ഡ്യയുടെ മെല്ലെപ്പോക്കാണ്. സിംഗിളുകള്‍ പോലും എടുക്കാന്‍ പാടുപെട്ട ക്രുണാല്‍ പാഴാക്കി കളഞ്ഞത് 21 പന്തുകളായിരുന്നു. നേടിയതാകട്ടെ വെറും 11 റണ്‍സും. അതുവരെ മികച്ചരീതിയില്‍ കളിച്ച സൂര്യകുമാര്‍ യാദവും അതോടെ പരുങ്ങി. എന്നാല്‍ സിറാജ് ക്രുണാലിനെ വീഴ്ത്തിയത് ഫലത്തില്‍ മുംബൈയ്ക്കാണ് ഗുണം ചെയ്തത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ പവന്‍ നേഗിയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറും ബൗണ്ടറിയും പറത്തി ഹര്‍ദിക് മത്സരം ആതിഥേയര്‍ക്ക് അനുകൂലമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റിന് 171 റണ്‍സ് നേടി. എ.ബി ഡിവില്ലിയേഴ്‌സും മൊയീന്‍ അലിയും അര്‍ധസെഞ്ചുറി നേടി. സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയെ (8) തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് പാര്‍ത്ഥിവ് പട്ടേലിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സിനെ മുന്നോട്ടു കൊണ്ടു പോയി. 20 പന്തില്‍ 28 റണ്‍സെടുത്ത പാര്‍ത്ഥിവിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി.

തൊട്ടു പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി ഡിവില്ലിയേഴ്‌സിന് ഒത്ത കൂട്ടാളിയാവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 32 പന്ത് നേരിട്ട് 50 റണ്‍സെടുത്ത മൊയീന്‍ അലിയെ ലസിത് മലിംഗ വീഴ്ത്തുകയായിരുന്നു. 51 പന്തില്‍ 75 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ അവസാന ഓവറില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടാക്കി. മുംബൈയ്ക്ക് വേണ്ടി മലിംഗ നാലു വിക്കറ്റുകള്‍ വീഴ്ത്തി.