SHARE

പന്ത്രണ്ടാം എഡിഷ‌ൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം നാളെ ജയ്പൂരിൽ നടക്കാനിരിക്കുകയാണ്. ടീമുകളെല്ലാം ഏറെ തയ്യാറെടുപ്പുകളോടെയാണ് ലേലത്തിനെത്തുന്നത്. ഐപിഎല്ലിലെ ഏറ്റവും വിജയിയായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന് ലേലത്തിന് മുൻപ് ചെറിയ തലവേദന നൽകുന്നത് അവരുടെ കൈയ്യിൽ ലേലത്തിൽ ചിലവഴിക്കാൻ കഴിയുന്ന തുക കുറവാണെന്നതാണ്.

ലേലത്തിനെത്തുമ്പോൾ മുംബൈയുടെ കൈവശമുള്ളത് 11.5 കോടി രൂപയാണ്. ഒരു വിദേശ താരമുൾപ്പെടെ ഏഴ് താരങ്ങളെയാണ് ഈ പണം ഉപയോഗിച്ച് അവർക്ക് വാങ്ങാൻ കഴിയുക. ലേലത്തിൽ നിന്ന് ഒരു വലിയ സൈനിംഗ് നടത്താൻ മാത്രമേ മുംബൈക്ക് കഴിയൂ. പണം കുറവായത് തന്നെ കാരണം‌. ലേലത്തിലെ താരങ്ങളാകുമെന്ന് കരുതപ്പെടുന്ന ഷിംറോൺ ഹിറ്റ്മേയർ, ശിവം ഡൂബെ, ജയ്ദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളെ മാത്രമേ മുംബൈക്ക് വാങ്ങാൻ കഴിയൂ. ഇതിൽ ഹിറ്റ്മേയറുടേയും, ഉനദ്കട്ടിന്റേയും വില ലേലത്തിൽ 6 കോടിക്ക് മുകളിൽ പോകാൻ സാധ്യതയുള്ളതിനാൽ യുവ ഓൾ റൗണ്ടർ ഡൂബെയെ സ്വന്തമാക്കാനാവും മുംബൈ ഇന്ത്യൻസ്. ശ്രമിക്കുക.

വിദേശ താരങ്ങളിൽ വെസ്റ്റിൻഡീസിന്റെ ഷെർഫെയിൻ റൂതർഫോഡിനെയാകും ലേലത്തിൽ മുംബൈ ലക്ഷ്യമിടുക. ഇന്ത്യൻ താരങ്ങളിൽ ചാമ മിലിന്ദ്, തജീന്ദർ ധില്ലൻ, ജലജ് സക്സേന, സർഫറാസ് ഖാൻ എന്നിവർക്ക് വേണ്ടിയും ടീം മുന്നോട്ട് വന്നേക്കും.