SHARE

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കളിക്കാനിറങ്ങിയത് ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു. ആദ്യ മത്സരത്തിൽ ദയനീയ പരാജയമേറ്റുവാങ്ങിയിട്ടും ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താതിരുന്നത് ആരാധകരെ ചൊടിപ്പിച്ചു. ആരാധകർക്ക് കൂടുതൽ നിരാശ നൽകിയത് കുൽദീപ്‌യാദവിന് പകരം ക്രുനാൽ പാണ്ട്യയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു‌.

മുംബൈ ഇന്ത്യൻസ് ക്വാട്ട ഇന്ത്യൻ ടീമിൽ കൊണ്ട് വരാനാണ് രോഹിത് ശർമ്മയുടെ ശ്രമമെന്നും, രോഹിത് ശർമ്മ‌ സ്വാർത്ഥനായ നായകനാണെന്നുമൊക്കെ ആരാധകർ പ്രതികരിച്ചു. മുംബൈ ഇന്ത്യൻസ് താരമായത് കൊണ്ട് മാത്രമാണ് ക്രുനാൽ പാണ്ട്യ വീണ്ടും ടീമിലെത്തിയതെന്നായിരുന്നു ചില ആരാധകരുടെ വിലയിരുത്തൽ.

എന്നാൽ തന്നെ ടീമിലുൾപ്പെടുത്തിയതിന്റെ പേരിൽ രോഹിത് ശർമ്മയെ വിമർശിച്ച ആരാധകർക്ക് മത്സരത്തിലെ മിന്നും ബോളിംഗ് പ്രകടനത്തിലൂടെ ക്രുനാൽ പാണ്ട്യ മറുപടി നൽകി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ ആറാം ഓവറിൽ പന്തെറിയാനെത്തിയ ക്രുനാൽ, തന്റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ (കോളിൻ മൺ റോ, ഡാരിൽ മിച്ചൽ) വീഴ്ത്തി ന്യൂസിലൻഡിനെ തുടക്കം തന്നെ തകർച്ചയിലേക്ക് തള്ളിയിട്ടു.

തന്റെ രണ്ടാം ഓവറിനെത്തിയപ്പോൾ ക്രുനാൽ വീണ്ടും കിവീസിന് തിരിച്ചടി നൽകി. ഇത്തവണ താരത്തിന് മുന്നിൽ വീണത് കെയിൻ വില്ല്യംസൺ. മത്സരത്തിൽ മൊത്തം 4 ഓവറുകളെറിഞ്ഞ ക്രുനാൽ പാണ്ട്യ 28 റൺസ് വഴങ്ങിയാണ് 3 വിക്കറ്റെടുത്തത്. തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ച വെച്ച് കളിയിലെ കേമൻ പട്ടവും സ്വന്തമാക്കിയ ക്രുനാൽ പാണ്ട്യ തൽക്കാലം രോഹിത് വിമർശകരുടെ നാവടപ്പിച്ചിട്ടുണ്ട്‌.