SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി തങ്ങൾ ടീമിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക മുംബൈ ഇന്ത്യൻസ് പുറത്ത് വിട്ടു. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 18 പേരെ നിലനിർത്തിയപ്പോൾ 10 പേരെ ഇക്കുറി അവർ ടീമിൽ നിന്നൊഴിവാക്കി. ബംഗ്ലാദേശിന്റെ സ്റ്റാർ ബോളർ മുസ്താഫിസുർ റഹ്മാനും, ദക്ഷിണാഫ്രിക്കയുടെ ജെ.പി‌ ഡുമിനിയുമാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ.

വിദേശ താരങ്ങളിൽ കീറൺ പൊള്ളാർഡ്, ബെൻ കട്ടിംഗ്, മിച്ചൽ മക്ലനാഗൻ, ആദം മിൽനെ, ജേസൺ ബെഹറൻഡോർഫ് എന്നിവർ അടുത്ത സീസണിലും മുംബൈ ജേഴ്സിയണിയും. അതേ സമയം രോഹിത്ശർമ്മ, ക്രുനാൽ പാണ്ട്യ, ഹാർദിക് പാണ്ട്യ, ഇഷാൻ കിഷ‌ൻ, മയങ്ക് മാർക്കണ്ടെ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീം നിലനിർത്തിയ ഇന്ത്യൻ സൂപ്പർ താരങ്ങൾ.

തുടർച്ചയായി പരിക്കുകളാൽ വലയുന്നതാണ് ബംഗ്ലാദേശ് സ്റ്റാർ ബോളർ മുസ്താഫിസുർ റഹ്മാനെ മുംബൈ ടീമിൽ നിന്നൊഴിവാക്കാൻ കാരണമെന്ന് പറയപ്പെടുന്നു. മുസ്താഫിസുറിന് പുറമേ, ഡുമിനി, പാറ്റ് കമ്മിൻസ്, അഖില ധനഞ്ജയ എന്നീ വിദേശ താരങ്ങളേയും, സൗരഭ് തിവാരി, പ്രദീപ് സാംഗ്വാൻ, മൊഹ്സിൻ ഖാൻ, എംഡി നിധീഷ്, ശരദ് ലംബ, തജീന്ദർ സിംഗ് ധില്ലൺ എന്നീ ഇന്ത്യൻ താരങ്ങളേയും മുംബൈ ഇന്ത്യൻസ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.