SHARE

യുവസ്പിന്നർ മയങ്ക് മർക്കണ്ടെയെ ഡെൽഹി ക്യാപിറ്റൽസിന് നൽകി പകരം, അവരുടെ വിൻഡീസ് ഓൾ റൗണ്ടർ ഷെർഫേൻ റൂതർഫോർഡിനെ ടീമിലെത്തിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. അല്പം മുൻപാണ് ഈ താരക്കൈമാറ്റത്തിന്റെ കാര്യം മുംബൈ ഇന്ത്യൻസ്, ഔദ്യോഗികമായി പുറത്ത് വിട്ടത്.

2018 ൽ മുംബൈ ഇന്ത്യൻസിലെത്തിയ മയങ്ക് മാർക്കണ്ടെ, രണ്ട് സീസണുകളിൽ കളിച്ചതിന് ശേഷമാണ് മുംബൈ വിടുന്നത്. ഐപിഎല്ലിൽ 17 മത്സരങ്ങളിൽ മുംബൈ ജേഴ്സിയണിഞ്ഞ താരം 16 വിക്കറ്റുകളും വീഴ്ത്തി. ഇരുപത്തിയൊന്നുകാരനായ ഈ പഞ്ചാബ് സ്വദേശി ഈ വർഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കളിച്ച് കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറി‌.

അതേ സമയം കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസിൽ കളിച്ച് കൊണ്ട് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരമാണ് റൂതർഫോഡ്. ഹാർഡ് ഹിറ്റിംഗ് ഓൾ റൗണ്ടറെന്നറിയപ്പെടുന്ന ഈ ഇരുപതുകാരൻ, വലത് കൈയ്യൻ മീഡിയം ഫാസ്റ്റ് ബോളർ കൂടിയാണ്.