SHARE

ഈ മാസം പത്തൊൻപതിന് മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെ പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാവുകയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളും, ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ടീമുകളായ ചെന്നൈയും, മുംബൈയും തമ്മിൽ ഏറ്റുമുട്ടുന്ന ഇത്തവണത്തെ ഉദ്ഘാടന മത്സരം ആവേശപ്പൂരമാകുമെന്ന കാര്യം ഉറപ്പ്.

അതിനിടയിൽ ഇപ്പോളിതാ ഇക്കുറി ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുൻ തൂക്കം ആർക്കെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോളായിരുന്നു ഗംഭീർ ഇക്കാര്യത്തിൽ മനസ് തുറന്നത്.

-Advertisement-

ടീമിന്റെ സന്തുലിതാവസ്ഥ യും, സ്ക്വാഡിന്റെ വ്യാപ്തിയും നോക്കുമ്പോൾ മുംബൈ ഇന്ത്യൻസിനാണ് ഇത്തവണത്തെ ആദ്യ മത്സരത്തിൽ മേൽക്കൈ എന്നാണ് ഗംഭീർ പറയുന്നത്. “ട്രെന്റ് ബോൾട്ടിനെയും ഇക്കുറി മുംബൈ ടീമിൽ ചേർത്തിട്ടുണ്ട്. അത് അവർക്ക് മികച്ച ഓപ്ഷനുകൾ നൽകും.‌ കാരണം ന്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താൻ മികവുള്ള ഒരു ബോളറെ അവർക്ക് ആവശ്യമുണ്ട്. അതു വഴി ജസ്പ്രിത് ബുംറയെ മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ മുംബൈയ്ക്ക് കഴിയും.‌ ഇക്കാര്യം കൊണ്ടു തന്നെ, ആദ്യ മത്സരത്തിൽ മാത്രമല്ല, ടൂർണമെന്റിൽ മുഴുവനും ഇവർ രണ്ടും എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്.” ഗംഭീർ പറഞ്ഞു നിർത്തി.