SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജാക്കന്‍മാരായി മുംബൈ ഇന്ത്യന്‍സ്. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് മുംബൈ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 149-8 റണ്‍സാണ് നേടിയത്. ചെന്നൈയുടെ മറുപടി 148-7 (20) റണ്‍സില്‍ അവസാനിച്ചു.

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഫാഫ് ഡുപ്ലെസിസ് തകര്‍ത്തടിക്കാന്‍ തുടങ്ങി. നാലാമത്തെ ഓവറില്‍ ഫാഫ് ഡുപ്ലെസിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 13 പന്തില്‍ 26 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം എസ് ധോണി (2) എന്നിവര്‍ പുറത്തായതോടെ മുംബൈയ്ക്ക് പ്രതീക്ഷ കൈവന്നു.

എന്നാല്‍ നിലയുറപ്പിച്ചതിന് ശേഷം ഷെയ്ന്‍ വാട്‌സണ്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. ലസിത് മലിംഗ എറിഞ്ഞ 16ാമത്തെ ഓവറില്‍ വാര്‍ണര്‍ വെടിക്കെട്ട് നടത്തിയതോടെ ചെന്നെെ 20 റണ്‍സ് നേടി. ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 18ാമത്തെ ഓവറിലെ അടുത്തടുത്ത മൂന്നു പന്തുകള്‍ വാട്‌സണ്‍ സിക്‌സറിന് പറത്തി. അതിനിടയില്‍ 15 റണ്‍സെടുത്ത ബ്രാവോ പുറത്തായി. അവസാന ഓവറിലെ നാലാം പന്തില്‍ 80 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ റണ്ണൗട്ടായതോടെ മുംബെെ ശക്തമായി തിരിച്ചു വന്നു. അവസാന പന്തില്‍ 2 റൺസായിരുന്നു ചെന്നെെയ്ക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. മലിംഗ എറിഞ്ഞ പന്തില്‍ ഷര്‍ദുൽ താക്കൂര്‍ പുറത്തായതോടെ മുംബെെയ്ക്ക് ഒരു റൺസ് വിജയം. ഒപ്പം ഐ പി എല്‍ കിരീടവും.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്ക് തകര്‍ത്തടിച്ചതോടെ മിന്നല്‍ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. അഞ്ചാമത്തെ ഓവറില്‍ 17 പന്തില്‍ 29 റണ്‍സെടുത്ത ഡി കോക്ക് പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സ്. അതേ സ്‌കോറില്‍ തന്നെ രോഹിത് ശര്‍മ്മയും (15) പുറത്തായതോടെ മുംബൈ ഇന്നിംഗ്‌സിന് വേഗം കുറഞ്ഞു.

ഇഷന്‍ കിഷന്‍ (23), സൂര്യകുമാര്‍ യാദവ് (16), ക്രുനാല്‍ പാണ്ഡ്യ (7) എന്നിവര്‍ കൂടി പുറത്തായതോടെ കളി ചെന്നൈയുടെ വരുതിയായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കീറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 10 പന്തില്‍ 16 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. 25 പന്തില്‍ 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.