SHARE

ഇപ്പോൾ വെടിക്കെട്ട് ബാറ്റിംഗിന്റെ കാലമാണ്. ടി20 ക്രിക്കറ്റിന് പ്രാധാന്യമേറിയ ഇക്കാലത്ത് കൂറ്റനടികൾക്ക് പേരുകേട്ട താരങ്ങൾക്കാണ് എല്ലായിടത്തും ഡിമാൻഡ്. 2007 ൽ ഹോളണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരോവറിലെ 6 പന്തുകളും സിക്സറിന് പറത്തിയ ഹെർഷൽ ഗിബ്സും, 2007 ലെ ‌ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിൽ 6 സിക്സറുകൾ അടിച്ച് കൂട്ടിയ യുവരാജ് സിംഗും വെടിക്കെട്ട് ബാറ്റിംഗിന് പുതിയ മാനം നൽകിയവരാണ്.

യുവിയേയും, ഗിബ്സിനേയും പോലെ ഒരോവറിലെ 6 പന്തുകളും സിക്സറിന് പറത്തി ഇപ്പോൾ വാർത്തയായിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഇരുപത്തിമൂന്നുവയസുകാരൻ ക്രിക്കറ്റർ മകരന്ദ് പാട്ടീൽ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന എഫ് ഡിവിഷൻ ടൈംസ് ഷെഫീൽഡ് ടൂർണമെന്റിലായിരുന്നു മകരന്ദിന്റെ ബാറ്റിംഗ് വിസ്ഫോടനം. മത്സരത്തിൽ വൈവ സൂപ്പർ മാർക്കറ്റ്സിന്റെ താരമായിരുന്ന മകരന്ദ്, മഹീന്ദ്ര ലോജിസ്റ്റിക്സിനെതിരെയായിരുന്നു ഈ മാസ്മരിക പ്രകടനം പുറത്തെടുത്തത്.

മത്സരത്തിൽ എട്ടാമനായി ബാറ്റിംഗിനിറങ്ങിയ മകരന്ദ് ഒരോവറിലെ 6 പന്തുകൾസിക്സറിന് പറത്തിയതിനൊപ്പം മൊത്തം 7 പന്തുകളാണ് തുടർച്ചയായി അതിർത്തി വരയ്ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചത്. തന്റെ മാന്ത്രിക ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മത്സരത്തിൽ 26 പന്തിൽ 84 റൺസാണ് മകരന്ദ് അടിച്ചുകൂട്ടിയത്.