SHARE

ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് അടക്കമുള്ള എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് 35-കാരനായ മുനാഫ് വിരമിക്കുന്നത്. എന്നാൽ മുൻകാല താരങ്ങളടക്കം കളിക്കുന്ന ടി10 ലീ​ഗിൽ മുനാഫ് പങ്കെടുക്കും.

യുവതാരങ്ങൾ ഒരുപാട് പേർ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്, ഇനിയും ടീമുകളിൽ ഞാൻ കടിച്ചുതൂങ്ങുന്നതിൽ കാര്യമില്ല എന്നതാണ് വിരമിക്കലിനെക്കുറിച്ച് മുനാഫ് പറഞ്ഞത്. എന്നോടൊപ്പം ഇന്ത്യൻ ടീമിൽ കളിച്ച എല്ലാവരും വിരമിച്ചു, ധോണി മാത്രമാണ് ഇപ്പോഴും തുടരുന്നത്. അതിനാൽ തന്നെ വിരമിക്കൽ തീരുമാനം തെറ്റാണെന്ന് തോന്നുന്നില്ല, മുനാഫ് കൂട്ടിച്ചേർത്തു. 2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും, മുനാഫ് വ്യക്തമാക്കി

​ഗുജറാത്തിലെ ദരിദ്ര​ഗ്രാമത്തിൽ നിന്നായിരുന്നു ഇന്ത്യൻ ടീമിലേക്കുള്ള മുനാഫിന്റെ വളർച്ച. എന്നാൽ പരിക്കും ഫോമില്ലായ്മയും കാരണം ടീമിൽ സ്ഥാനമുറപ്പിക്കാൻ മുനാഫിന് സാധിച്ചില്ല. 2011 ലോകകപ്പിൽ, ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് മുനാഫ്. ഇന്ത്യക്കായി 13 ടെസ്റ്റിലും 70 ഏകദിനത്തിലും മുനാഫ് കളിച്ചിട്ടുണ്ട്.