SHARE

ഫോം നഷ്ടത്തെത്തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ സ്റ്റാർ ഓപ്പണർ മുരളി വിജയ്, മികച്ച പ്രകടനം കാഴ്ച വെച്ച് ദേശീയ ടീമിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ തയ്യാറായത്. എന്നാൽ കളിച്ച ഇന്നിംഗ്സുകളിലെല്ലാം മോശം ബാറ്റിംഗ് പുറത്തെടുത്ത വിജയ്ക്ക് കൗണ്ടിയിൽ നിന്ന് നിരാശ മാത്രമാണ് ഇതേ വരെ ലഭിച്ചത്.

കൗണ്ടി ക്രിക്കറ്റിൽ സോമർസെറ്റിന് വേണ്ടി കളിക്കുന്ന മുരളി വിജയ്, കളിച്ച 5 ഇന്നിംഗ്സുകളിൽ നിന്ന് 42 റൺസ് മാത്രമാണ് ഇത് വരെ നേടിയത്. യോർക്ക് ഷെയറിനെതിരായ മത്സരത്തിൽ 7,0 എന്നിങ്ങനെ സ്കോർ ചെയ്ത മുരളി വിജയ്, ഹാമ്പ് ഷെയറിനെതിരെ 0, 29 എന്നിങ്ങനെയാണ്‌ സ്കോർ ചെയ്തത്. ഇന്ന് എസക്സിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസിന് താരം പുറത്തായി.

ടെസ്റ്റ് ക്രിക്കറ്റിലെ ഫോം നഷ്ടം മറികടക്കാൻ കൗണ്ടി കളിക്കാനെത്തിയ മുരളി വിജയുടെ ഇത് വരെയുള്ള പ്രകടനം അദ്ദേഹത്തിന് തിരിച്ചടി മാത്രം നൽകുന്നതാണ്. ഇതേ പ്രകടനമാണ് ആവർത്തിക്കുന്നതെങ്കിൽ അടുത്തെങ്ങും ഇന്ത്യൻ ടെസ്റ്റ് ടീമിൽ വിജയ് തിരിച്ചെത്താൻ സാധ്യതയില്ല. പ്രത്യേകിച്ചും അഭിമന്യൂ ഈശ്വരനേയും, പ്രിയങ്ക്‌ പഞ്ചലിനേയും പോലുള്ള താരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കുമ്പോൾ.