SHARE

ഒരു കാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു മുരളി വിജയ്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ടായിരുന്ന വിജയ്, നിലവിൽ മോശം ഫോമിനെത്തുടർന്ന് ടീമിന് പുറത്താണ്. വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലും ഇടം പിടിക്കാൻ കഴിയാതിരുന്ന മുരളി വിജയ്, നിലവിൽ തമിഴ്നാട് പ്രീമിയർ ലീഗിൽ റൂബി ത്രിച്ചി വാരിയേഴ്സിന് വേണ്ടി കളിച്ച് കൊണ്ടിരിക്കുകയാണ്‌. ഇപ്പോൾ താരം വാർത്തയായിരിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്റ്റാൻസിന്റെ പേരിലാണ്.

വലം കൈയ്യൻ ബാറ്റ്സ്മാനായ മുരളി വിജയ് തമിഴ്നാട് പ്രീമിയർ ലീഗിൽ ഇടംകൈയ്യനായി ബാറ്റ് ചെയ്തതാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രവിചന്ദ്രൻ അശ്വിൻ നയിച്ച ഡിണ്ടിഗൽ ഡ്രാഗൺസിനെതിരെയായിരുന്നു മുരളി വിജയ് ഇടം കൈയ്യനായി ബാറ്റ് ചെയ്തത്. അശ്വിൻ ബോൾ ചെയ്യാനെത്തിയപ്പോളായിരുന്നു വിജയ് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയത്. ഗ്രിപ്പിനൊപ്പം, തന്റെ ബാറ്റിംഗ് സ്റ്റാൻസും ഇടംകൈയ്യൻ ബാറ്റ്സ്മാന്മാരുടേത് പോലെയാക്കിയ വിജയ്, അശ്വിന്റെ സ്പിന്നിനെ സമർത്ഥമായി നേരിടുകയും ചെയ്തു.

അതേ സമയം ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡുള്ള താരമാണ് മുരളി വിജയ്. ഐപിഎല്ലിൽ 103 മത്സരങ്ങൾ കളിച്ചിട്ടുള്ള വിജയ് രണ്ട് സെഞ്ചുറികളടക്കം 2587 റൺസും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് 2010, 2011, 2018 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന വിജയ്, കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനുമായിട്ടുണ്ട്‌.