SHARE

കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മുരളി വിജയ്. കഴിഞ്ഞ ദിവസം നോട്ടിംഗ് ഹാമിനെതിരെ നടന്ന മത്സരത്തിന്റെ നാലാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയാണ് വിജയ് ഈ നേട്ടത്തിലെത്തിയത്. 2009 ൽ എസക്സ് താരമായ പീയൂഷ് ചൗളയും സമാന നേട്ടം കൈവരിച്ചിരുന്നു.

9 വർഷങ്ങൾക്ക് മുൻപ് സസക്സിന് വേണ്ടി  കളിച്ചപ്പോളായിരുന്നു ചൗളയുടെ നേട്ടം. അന്ന് കൗണ്ടിയിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ചൗള, എട്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയതോടെ വിജയ്, ഒരു കൗണ്ടി മത്സരത്തിന്റെ നാലാം ഇന്നിംഗ്സിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും മാറി. സച്ചിൻ ടെണ്ടുൽക്കറും, വിവിഎസ് ലക്ഷ്മണുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് രണ്ട് ഇന്ത്യക്കാർ.

-Advertisement-

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മോശംപ്രകടനംകാഴ്ച വെച്ച വിജയ് അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാനാണ് ഈ വർഷം കൗണ്ടിയിൽ കളിക്കാൻ വിജയ് തീരുമാനിച്ചത്. എസക്സിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ വിജയ് ആദ്യ ഇന്നിംഗ്സിൽ അർധ സെഞ്ചുറി നേടിയും മികച്ച ബാറ്റിംഗ് പുറത്തെടുത്തിരുന്നു.