SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിലൊരാളാണ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ഏക താരമായ മുരളി, തന്റെ അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഈ ചരിത്ര നേട്ടത്തിലെത്തിയത്. 2010 ൽ ഗാലെയിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ഈ മത്സരം.

ഇപ്പോളിതാ തന്റെ എണ്ണൂറാം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്നതിന് തൊട്ട് മുൻപ് ആ സമയം ക്രീസിലുണ്ടായിരുന്ന ഇഷാന്ത് ശർമ്മയോട് താൻ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുരളീധരൻ. ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇൻസ്റ്റഗ്രാമിൽ നടത്തുന്ന പരിപാടിയായ ‘ഡി ആർ എസ് വിത്ത് അശ്’ ൽ പങ്കെടുക്കുമ്പോളായിരുന്നു ലങ്കൻ ഇതിഹാസ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

-Advertisement-

ഗാലെ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യയുടെ ഒൻപതാം വിക്കറ്റ് വീഴുമ്പോൾ മുരളീധരന്റെ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം 799 ആയിരുന്നു. ഇന്ത്യയുടെ അവസാന ബാറ്റ്സ്മാനെ വീഴ്ത്തിയാൽ മാത്രമേ മുരളീധരന് 800 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്ര നേട്ടത്തിലെത്താ‌‌ൻ കഴിയുമായിരുന്നുള്ളൂ. വാലറ്റക്കാരായ പ്രഗ്യാൻ ഓജയും, ഇഷാന്ത് ശർമ്മയുമായിരുന്നു ഈ സമയം ക്രീസിൽ. ഇന്ത്യയുടെ ഒൻപത് വിക്കറ്റുകൾ പോയി നിൽക്കുന്ന സമയത്ത് പ്രഗ്യാൻ ഓജയോട് താൻ ഒന്നും പറഞ്ഞില്ലെന്നും എന്നാൽ ഇഷാന്തിനോട് താൻ സംസാരിച്ചെന്നും മുരളീധരൻ പറയുന്നു.

ശ്രീലങ്കൻ താരം ആ സംഭവം ഓർത്തെടുക്കുന്നത് ഇങ്ങനെ, “ഡ്രിങ്ക്സ് ഇടവേളയ്ക്കിടെ ഇഷാന്തിനോട് ഷോട്ടുകൾ കളിച്ച് തുടങ്ങാൻ ഞാൻ പറഞ്ഞു. ഇത് അവസാന വിക്കറ്റാണ്, ഇതൊക്കെയാണെങ്കിലും ഇന്ത്യ സമനില നേടാനോ ജയിക്കാനോ പോകുന്നില്ല. എനിക്ക് നിങ്ങളുടെ വിക്കറ്റ് തരൂ, ഞാനെങ്കിലും സംതൃപ്തനാകും എന്ന് ഇഷാന്തിനോട് ഞാൻ പറഞ്ഞു.” മുരളീധരൻ ഓർത്തെടുത്തു.

അതേ സമയം ഇഷാന്തിനോട് വിക്കറ്റ് തരാൻ തമാശ രൂപേണ പറഞ്ഞെങ്കിലും പ്രഗ്യാൻ ഓജയായിരുന്നു മുരളീധരന്റെ എണ്ണൂറാം ടെസ്റ്റ് വിക്കറ്റിന് ഇരയായത്. ഇടം കൈയ്യൻ ബാറ്റ്സ്മാനായ ഓജയെ മഹേല ജയവർധനെയുടെ കൈകളിലെത്തിച്ച് മുരളീധരൻ തന്റെ എണ്ണൂറാം ടെസ്റ്റ് വിക്കറ്റ് നേടുകയും. ശ്രീലങ്ക പിന്നീട് മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയം നേടുകയും ചെയ്തു.