SHARE

ഇന്ത്യൻ ടീമിന് പിന്നാലെ ബംഗ്ലാദേശ് ടീമിലും പരിക്ക് വില്ലനാകുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമാണ് പരിക്കിന്റെ പിടിയിലകപ്പെട്ടിരുക്കുന്ന ബംഗ്ലാദേശ് താരം. വാരിയെല്ലിനേറ്റ പരിക്കിനെത്തുടർന്ന് ഇന്ന് അഫ്ഗാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുഷ്ഫിഖുറിന് കളിക്കാനാവില്ല. അദ്ദേഹത്തിന് പകരക്കാരനായി നസ്മുൾ ഹുസൈനാകും ടീമിലെത്തുക.

മുഷ്ഫിഖുറിന് പുറമേ പേസ് ബൗളർ മുസ്താഫിസുർ റഹ്മാനും അഫ്ഗാനെതിരെയുള്ള മത്സരത്തിൽ കളിക്കില്ല. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലുള്ള മുസ്താഫിസുറിന് സൂപ്പർ – 4 മത്സരങ്ങൾക്ക് മുൻപ് വിശ്രമം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചതിനാലാണിത്‌. മുസ്താഫിസുറിന് പകരക്കാരനായി അഫ്ഗാനെതിരെ യുവ പേസർ അബു ഹൈദർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സൂപ്പർ താരം തമീം ഇഖ്ബാൽ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ മുഷ്ഫിഖുറിനും പരിക്ക് പറ്റിയത് ചെറുതല്ലാത്ത തലവേദനയാണ് ബംഗ്ലാദേശ് ക്യാമ്പിന് നൽകുന്നത്. സൂപ്പർ 4 മത്സരങ്ങൾക്ക് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന്‌ കഴിഞ്ഞില്ലെങ്കിൽ ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയാകും അത്.