SHARE

ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന പതിമൂന്നാമത് എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള താരലേലത്തിൽ ബംഗ്ലാദേശ് സൂപ്പർ താരം മുഷ്ഫിഖുർ റഹീം പങ്കെടുക്കില്ല. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹമില്ലാതിരുന്ന താരം ഇതിനായി രെജിസ്റ്റർ ചെയ്തില്ല. അത് കൊണ്ട് തന്നെ ഇക്കുറിയും ഐപിഎല്ലിൽ റഹീമിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി‌. എന്നാൽ സമീപകാലത്ത് തകർപ്പൻ ഫോമിലൂടെ കടന്ന് പോകുന്ന റഹീം ഇത്തവണ ലേലത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗ്ലാദേശിന്റെ വിശ്വസ്ത താരമായ മുഷ്ഫിഖുർ റഹീം, മുൻപ് രണ്ട് തവണ ഐപിഎൽ ലേലത്തിനായി പേര് രെജിസ്റ്റർ ചെയ്തിരുന്നു‌. എന്നാൽ ഈ രണ്ട് തവണയും ആവശ്യക്കാരില്ലാത്തതിനാൽ ലേലത്തിൽ താരം അൺസോൾഡ് ആവുകയായിരുന്നു‌. ഈയടുത്ത് ഡെൽഹിയിൽ ഇന്ത്യയ്ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത് റഹീമിന്റെ തകർപ്പൻ ബാറ്റിംഗായിരുന്നു‌. ടി20 യിൽ മികച്ച റെക്കോർഡുള്ള ഈ വിക്കറ്റ് കീപ്പർ ഇക്കുറി ലേലത്തിലുണ്ടായിരുന്നെങ്കിൽ മികച്ച വില ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.

അതേ സമയം മൊത്തം 6 ബംഗ്ലാദേശ് താരങ്ങൾ ലേലത്തിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ട്‌. തമീം ഇഖ്ബാൽ, മഹ്മദുള്ള, ടസ്കിൻ അഹമ്മദ്, മെഹിദി ഹസൻ, മുസ്താഫിസുർ റഹ്മാൻ, സൗമ്യ സർക്കാർ എന്നിവരാണ് രെജിസ്റ്റർ ചെയ്ത ബംഗ്ലാ താരങ്ങൾ. ഇതിൽ മുസ്താഫിസുർ റഹ്മാൻ മാത്രമാണ് ഐപിഎല്ലിൽ മുൻപ് കളിച്ചിട്ടുള്ളത്. മുംബൈയ്ക്കും, ഹൈദരാബാദിനും വേണ്ടിയായിരുന്നു ഇത്. തമീംഇഖ്ബാൽ മുൻപ് പൂനെ വാരിയേഴ്സിന്റെ താരമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.