SHARE

പാകിസ്ഥാൻ സ്പിൻ ഇതിഹാസമായിരുന്ന മുഷ്താഖ് അഹമ്മദിനെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനായി നിയമിച്ചു. വെസ്റ്റിൻഡീസിന്റെ ബംഗ്ലാദേശ് പര്യടനംമുതലാകും താരം പുതിയ ദൗത്യം ആരംഭിക്കുക. പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച‌ സ്പിന്നർമാരിലൊരാളായ മുഷ്താഖ് അഹമ്മദ്, മുൻപ് പാകിസ്ഥാന്റെയും, ഇംഗ്ലണ്ടിന്റേയും ദേശീയ ടീമുകൾക്കൊപ്പം സഹപരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

പാകിസ്ഥാൻ ദേശീയ ടീമിന്റെ ബോളിംഗ് പരിശീലകനായി ഒന്നരവർഷത്തോ‌‌ളം സേവനമനുഷ്ഠിച്ച മുഷ്താഖ് അഹമ്മദ്,‌ നിലവിൽ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ബോളിംഗ് പരിശീലകനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പദ്ധതികൾ മുന്നിൽക്കണ്ടാണ് മുഷ്താഖിനെ, വിൻഡീസ് തങ്ങൾക്കൊപ്പമെത്തിച്ചിരിക്കുന്നത്. ലോകകപ്പിന് മുൻപ് മികച്ചൊരു വിൻഡീസ് സംഘത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കായിരിക്കും മുഷ്താഖ് അഹമ്മദിന്റേത്.

1989 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ പാക് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അഹമ്മദ്, 52 ടെസ്റ്റുകളും, 144 ഏകദിന മത്സരങ്ങളും അവർക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 161 വിക്കറ്റുകളും, ടെസ്റ്റിൽ 185 വിക്കറ്റുകളുമാണ് മുഷ്താഖ് അഹമ്മദ് നേടിയിട്ടുള്ളത്.