SHARE
ഫയൽ ചിത്രം

ജനുവരി ഏഴിന് സോണല്‍ മത്സരങ്ങളോടെ തുടങ്ങിയ 2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിന് നാളെ കൊടിയിറങ്ങും. സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ, ബി ജേതാക്കളായ രാജസ്ഥാനും ഡെല്‍ഹിയുമാണ് നാളെ രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് എ യില്‍ രാജസ്ഥാനും പഞ്ചാബിനും ഒരേ പോയന്റാണെങ്കിലും മികച്ച റണ്‍ ശരാശരിയില്‍ രാജസ്ഥാന്‍ ഫൈനലിലെത്തുകയായിരുന്നു. ബി ഗ്രൂപ്പില്‍ നാലു മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം. മുന്‍ ചാമ്പ്യന്‍മാരായ ഉത്തര്‍പ്രദേശിനെ ഡൽഹി അവസാന മത്സരത്തില്‍ മൂന്നു റണ്‍സിന് പരാജയപ്പെടുത്തുകായിരുന്നു. 58 റണ്‍സെടുത്ത ഋഷഭ് പന്തും മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാരുമാണ് ഡല്‍ഹിക്ക് വിജയം ഒരുക്കിയത്.

അവസാന മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചെങ്കിലും റണ്‍ശരാശരി പഞ്ചാബിന് മുന്നില്‍ തടസ്സം നില്‍ക്കുകയായിരുന്നു. ജനുവരി 27, 28 തിയ്യതികളില്‍ നടക്കുന്ന ഐ പി എല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസാന അവസരമായിരുന്നു മുഷ്താഖ് അലി ട്രോഫി. സൗത്ത് സോണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം നാലു കളികളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.