SHARE

ലോകത്ത് ഏറ്റവും മികച്ച സ്പിൻ ബോളർമാരുള്ള രാജ്യമാണ് ഇന്ത്യ. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്, യുസ്വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന തകർപ്പ‌ൻ സ്പിൻ നിരയാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. ഈ താരങ്ങളിൽ ഏറ്റവും മികച്ചതാരെന്ന് കണ്ട് പിടിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ട്. കഴിഞ്ഞയിടയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കവെ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനല്ല മറിച്ച് യുവ സ്പിന്നർ കുൽദീപ്‌യാദവാണ് വിദേശ പിച്ചുകളിൽ ഇന്ത്യയുടെ പ്രധാന ബോളറെന്ന് ഇന്ത്യൻ പരി ശീലക‌ൻ‌ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോളിതാ ഇവരിൽ ആരാണ്‌ മികച്ച താരമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ.

രവിചന്ദ്രൻ അശ്വിനാണ് കുൽദീപിനേക്കാൾ മികച്ച സ്പിന്നറെന്ന് മുരളീധരൻ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റെണ്ണം നോക്കിയാണ് ഇത് വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” കുൽദീപ് മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മികച്ച ബോളർ അശ്വിനാണ്. ഒരു ബോളറുടെ കഴിവ് വിലയിരുത്തുന്നത് അദ്ദേഹം നേടിയ വിക്കറ്റുകളുടെ എണ്ണം നോക്കിയാണ്.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നർ അശ്വിനാണ്‌. അദ്ദേഹം നേടിയ വിക്കറ്റുകളുടെ എണ്ണം തന്നെ കാരണം. ഓസീസിന്റെ നഥാൻലിയോൺ ലോകത്തെ ഏറ്റവും മികച്ച ഓഫ്സ്പിന്നറാണെന്ന് ചിലർ പറയുന്നുണ്ട്. അതിന് കാരണമായി അവർ പറയുന്നത്, ലയോൺ ഓസീസിൽ വിക്കറ്റുകൾ എടുക്കുന്നുണ്ട് എന്നതാണ്.പക്ഷേ അദ്ദേഹം എപ്പോളും അവിടെത്തന്നെയാണ്‌ വിക്കറ്റുകൾ നേടുന്നത്. എന്നാൽ അശ്വിനാകട്ടെ കളിക്കുന്നിടത്തെല്ലാം വിക്കറ്റുകൾ വീഴ്ത്തുന്നു.” മുരളീധരൻ പറഞ്ഞുനിർത്തി.