SHARE

ബോളർ പന്തെറിയുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടാൽ ഇനി മുതൽ മങ്കാദിംഗ് വിക്കറ്റ് വേണ്ടെന്നും, പകരം ഇത്തരം സാഹചര്യത്തിൽ അഞ്ച് പെനാൽറ്റി റൺസുകൾ ബാറ്റിംഗ് ടീമിനെതിരെ നൽകണമെന്നും ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധര‌ൻ. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയായിരുന്നു മങ്കാദിംഗിന് പകരം ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങിയാൽ ഇത്തരമൊരു ശിക്ഷ പ്രാബല്യത്തിൽ കൊണ്ടു വരണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടത്.

പന്തെറിയുന്നതിന് മുന്നേ നോൺ സ്ട്രൈക്കർ ക്രീസ് വിട്ടാൽ ആ താരത്തെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന മങ്കാദിംഗ് രീതിയോട് തനിക്ക് താല്പര്യമില്ലെന്നാണ് മുരളീധരൻ പറയുന്നത്. എന്നാൽ ഒരു ബോളർക്ക് ബാറ്റ്സ്മാനെ പുറത്താക്കുന്നതിന് അന്യായമായ ആനുകൂല്യം ഇല്ലാത്തത് പോലെ ബാറ്റിംഗിനിടെ റൺസ് നേടാൻ ബാറ്റ്സ്മാന്മാർക്കും അന്യായമായ ആനുകൂല്യം ലഭിക്കാൻ പാടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടുന്നു‌.

-Advertisement-

“ബോളർ പന്തെറിയുന്നതിന് മുന്നേ ക്രീസിന് പുറത്തേക്ക് ഇറങ്ങി നോൺ സ്ട്രൈക്കർ റണ്ണെടുക്കാൻ ശ്രമിക്കുമ്പോൾ അത് അന്യായമായ ആനുകൂല്യമാണ് ആ ബാറ്റ്സ്മാനും ടീമിനും നൽകുന്നത്. ഇങ്ങനെ പ്രവർത്തിക്കുന്ന ബാറ്റ്സ്മാന്മാരെ ഔട്ടാക്കുന്നതിന് പകരം മുന്നറിയിപ്പ് നൽകുകയാണ് ചെയ്യേണ്ടത്. അഥവാ നോൺ സ്ട്രൈക്കറോ, ബോളറോ അന്യായമായി ആനുകൂല്യമെടുത്തെന്ന് അമ്പയർക്ക് തോന്നിയാൽ, ആ ടീമിന് അഞ്ചു പെനാൽറ്റി റൺസ് ചുമത്തണം”. മുരളീധരൻ പറഞ്ഞു നിർത്തി.