SHARE

റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്താൻ തങ്ങളുടെ അവസാന മത്സരത്തിൽ ജയം മാത്രം ലക്ഷ്യം വെച്ചാകും നൈജീരിയക്കെതിരെ അർജന്റീന കളിക്കാൻ ഇറങ്ങുക. നിർണായക മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ അർജന്റീനയെ ഭയപ്പെടുത്തുന്നത് നൈജീരിയൻ മുന്നേറ്റനിര താരമായ അഹമ്മദ് മൂസയുടെ തകർപ്പൻ ഫോമാണ്. മുൻ ലെസ്റ്റർ സിറ്റി താരമായ അഹമ്മദ് മൂസ ഐസ്ലൻഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. എന്നാൽ ഐസ്ലൻഡിനെതിരെ താരം മികച്ച ഫോമിൽ കളിച്ചത് മാത്രമല്ല അർജന്റീനയെ ഭയപ്പെടുത്തുന്നത്‌.

2014 ലെ ബ്രസീൽ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയും നൈജീരിയയും. ഏറ്റുമുട്ടിയിരുന്നു. അന്ന് അർജന്റീനയെ വിറപ്പിച്ച് നൈജീരിയ കീഴടങ്ങിയപ്പോൾ ഇരട്ട ഗോളുകൾ നേടി ശ്രദ്ധേയനായ താരമാണ് മൂസ. അർജന്റീനൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ ആ രണ്ട് ഗോളുകൾ മൂസയെ ഫുട്ബോൾ ലോകത്ത് പ്രശസ്തനാക്കി. ലയണൽ മെസിയും ഇരട്ട ഗോളുകൾ നേടിയ അന്നത്തെ മത്സരത്തിൽ അർജന്റീന കഷ്ടിച്ച് വിജയിച്ചെങ്കിലും (സ്കോർ 3-2) കളം നിറഞ്ഞ് കളിച്ച മൂസയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

നാല് വർഷത്തിന് ശേഷം മറ്റൊരു ലോകകപ്പെത്തുമ്പോൾ, അർജന്റീന തങ്ങളുടെ ജീവന്മരണ പോരാട്ടത്തിൽ നൈജീരിയയെ നേരിടുമ്പോൾ അവർക്ക് ഏറ്റവും വലിയ തലവേദന നൽകുന്നതും നാല് വർഷങ്ങൾക്ക് മുൻപ് തങ്ങൾക്കെതിരെ ഇരട്ട ഗോളുകൾ നേടിയ മൂസയാണ്. മൂസയെ സ്വതന്ത്ര്യമായി കളിക്കാൻ അനുവദിച്ചാൽ അത് തങ്ങളെ ലോകകപ്പിൽ നിന്ന് പോലും പുറത്താക്കിയേക്കും എന്ന് അർജന്റീനൻ താരങ്ങൾക്കും നന്നായി അറിയാം. അത് കൊണ്ടു തന്നെ ഇരുപത്തിയഞ്ചുകാരനായ ഈ യുവതാരത്തിനെ പൂട്ടാൻ എന്ത് തന്ത്രമാകും അർജന്റീനൻ പരിശീലകൻ സാമ്പോളിയുടെ പക്കലുണ്ടാവുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.