SHARE

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. വലിയ അമ്പരപ്പായിരുന്നു ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനം ആരാധകർക്ക് നൽകിയത്‌. ഇപ്പോളിതാ ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായി റെയ്ന മനസ് തുറന്നിരിക്കുന്നു.

പഞ്ചാബിൽ തന്റെ കുടുംബത്തെ അജ്ഞാതർ ആക്രമിച്ച ദാരുണമായ സംഭവമായിരുന്നു ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം റെയ്ന വ്യക്തമാക്കിയത്. തന്റെ കുടുംബത്തിന് സംഭവിച്ചത് ഭയാനകത്തേക്കാൾ വലിയ ഒന്നായിരുന്നുവെന്ന് പറഞ്ഞ റെയ്ന, തന്റെ അമ്മാവൻ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും, അമ്മായിക്ക് ഗുരുതരമായ പരിക്കേറ്റെന്നും വെളിപ്പെടുത്തി.

-Advertisement-

“മരണത്തോട് ദിവസങ്ങളോളം മല്ലടിച്ച എന്റെ കസിൻ നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു. അമ്മായി ഇപ്പോളും ഗുരുതരാവസ്ഥയിലാണ്‌. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അമ്മായി ഇപ്പോൾ കഴിയുന്നത്. ആ രാത്രി എന്താണ് സംഭവിച്ചതെന്നും, ആരാണ് ഇത് ചെയ്തത് എന്നതും ഞങ്ങൾക്ക് ഇതു വരെ അറിയില്ല. പഞ്ചാബ് പോലീസ് ഈ സംഭവത്തിൽ ഇടപെടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ക്രൂരപ്രവൃത്തി ചെയ്തത് ആരാണെന്ന കാര്യമെങ്കിലും അറിയാൻ ഞങ്ങൾക്ക് അർഹതയുണ്ട്. ” റെയ്ന ട്വിറ്ററിൽ കുറിച്ചു.

അതേ സമയം റെയ്നയുടെ ട്വീറ്റിന് താഴെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന് നേരെ പൈശാചികമായ ആക്രമണം നടന്നത് വെളിപ്പെടുത്തിയ റെയ്ന പക്ഷേ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം ഇതാണോയെന്ന് വ്യക്തമാക്കിയിട്ടില്ല.