SHARE

ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണിയുടെ ഇനിയുള്ള ഭാവിയെന്തെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുകയാണ്. ലോകകപ്പിനുശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുമോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിരമിക്കുമോയെന്നത് സംബന്ധിച്ച് ധോണിയും ഇതുവരെ മനസുതുറന്നിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ധോണിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങള്‍ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ്. അടുത്ത സീസണിലും ചെന്നൈയെ നയിക്കുക ധോണി തന്നെയാകുമെന്ന് ടീം ഉടമ എന്‍. ശ്രീനിവാസന്‍ സംശയമില്ലാതെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. എനിക്ക് മറ്റൊരു കാര്യത്തിലും ഉറപ്പു നല്കാനാകില്ല. പക്ഷേ അടുത്ത സീസണിലും ധോണിയാകും ഞങ്ങളെ നയിക്കുക. അക്കാര്യം നൂറുശതമാനം ഗ്യാരണ്ടി- ശ്രീനിവാസന്‍ പറയുന്നു.

ധോണിയോട് ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തിടെ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ധോണി തന്റെ തീരുമാനം പരസ്യമായോ ബോര്‍ഡിനു മുമ്പിലോ അവതരിപ്പിച്ചിട്ടില്ല.