SHARE

പോർച്ചു​ഗലിന്റെ വിഖ്യാത ഫുട്ബോൾ താരമായ നാനി ഒരിടവേളയ്ക്ക് ശേഷം യൂറോപ്യൻ ഫുട്ബോളിൽ തിരിച്ചെത്തുന്നു. ഇറ്റാലിയൻ സെരി എ ക്ലബ് വെനെസ്യയുമായാണ് നാനി കരാറിലെത്തിയത്. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

35-കാരനായ നാനി വിങ്ങറായാണ് കളിക്കുന്നത്. 2019 മുതൽ അമേരിക്കയിലെ മേജർ ലീ​ഗ് ക്ലബായ ഓർലാൻഡോ സിറ്റിക്കായാണ് നാനി കളിച്ചിരുന്നത്. ഈ വർഷം തുടക്കത്തിൽ അമേരിക്ക വിട്ടു. തുടർന്നാണിപ്പോൾ സെരി എ ക്ലബുമായി ഒന്നരവർഷത്തെ കരാർ ഒപ്പുവച്ചത്. മുമ്പ് 2017-18 സീസണിൽ ലാസിയോയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള നാനിയുടെ രണ്ടാമത്തെ ഇറ്റാലിയൻ ക്ലബാണ് വെനെസ്യ.

2007 മുതൽ ഏഴ് വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചാണ് നാനി ലോകശ്രദ്ധ നേടിയത്. തുർക്കി, സപെയിൻ തുടങ്ങിയ രാജ്യങ്ങളിലും നാനി ക്ലബ് ഫുട്ബോൾ കളിച്ചു. സെരി എയിലേക്ക് ഇക്കുറി സ്ഥാനക്കയറ്റം കിട്ടിയെത്തിയ വെനെസ്യ, ലീ​ഗിൽ നിലനിർക്കാനുള്ള തീവ്രശ്രമത്തിലാണ്. ലീ​ഗിൽ നിലവിൽ 17-ാം സ്ഥാനത്താണവർ.