SHARE

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട് എ.ടി.കെ മോഹൻ ബ​ഗാനിലേക്ക് പോയ യുവതാരം നോങ്ഡമ്പാ നവോറെമിന് പരുക്കേറ്റ വാർത്ത ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. എന്നാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നവേറെമിന് ട്രാൻസ്ഫർ നടക്കുന്നതിന് മുമ്പ് തന്നെ പരുക്കേറ്റിരുന്നതായി സംശയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഇന്നലെ വൈകുന്നേരത്തോടെയാണ് നവേറെമിന് ലി​ഗമെന്റിന്(ഏ.സി.എൽ) പരുക്കേറ്റെന്നും ദീർഘനാൾ പുറത്തിരിക്കേണ്ടിവരുമെന്നും വാർത്തകൾ വന്നുതുടങ്ങിയത്. താരത്തിന് പരിശീലനത്തിനിടെയാണ് പരുക്കേറ്റതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പിന്നിടീപ്പോഴാണ്, താരത്തിന്റെ പരുക്ക് നേരത്തെ ഏറ്റതാണെന്ന റിപ്പോർട്ടുകൾ വരുന്നത്.

പ്രശസ്ത ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ട്വീറ്റ് പ്രകാരം, നവേറെം എ.ടി.കെയിലെത്തിയ ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ്, പരുക്ക് കണ്ടെത്തിയത്. എന്നാൽ പരുക്ക് എപ്പോഴാണ് ഏറ്റതെന്ന കാര്യം മെഡിക്കൽ റിപ്പോർട്ടുകളിലൂടെ വ്യക്തമാകുവെന്നു മാർക്കസ് ട്വീറ്റ് ചെയ്തു. ഇതോടെ നവോറെമിന്റെ ട്രാൻസ്ഫറിന് ബ്ലാസ്റ്റേഴ്സ് തരാമെന്നേറ്റ തുക, എ.ടി.കെ നൽകാൻ തയ്യാറാകില്ലെന്നും മാർക്കസ് ട്വീറ്റ് ചെയ്തു.

അതേസമയം തന്നെ കരാർ ഒപ്പുവയ്ക്കും മുമ്പ് എ.ടി.കെ താരത്തിന്റെ മെഡിക്കൽ നടത്താതിരുന്നതെന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തിൽ ഇരുക്ലബുകളും ഔദ്യോ​ഗികമായി വിശദീകരണം നൽകിയിട്ടില്ല.