SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ വിംഗറായ നോംഗ്ഡംബ ന്യോറം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എടികെ മോഹൻ ബഗാനിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. ഈ സീസൺ അവസാനം വരെയുള്ള ലോണിൽ കൊൽക്കത്തൻ ക്ലബ്ബിലേക്ക് പോകുന്ന ന്യോറത്തിന് അടുത്ത സമ്മറിൽ അവർ പുതിയ ഓഫർ നൽകുമെന്നും താരം വരും സീസണിലും എടികെ ജേഴ്സിയണിയുമെന്നുമാണ് റിപ്പോർട്ടുകൾ.

താൻ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ ദീർഘിപ്പിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയ വിടവാങ്ങൽ സന്ദേശത്തിൽ ന്യോറം തന്നെ സൂചനകളും നൽകി. എന്നാൽ ആരാധകർക്കായുള്ള ഈ സന്ദേശം പിന്നീട് താരം ഡിലീറ്റ് ചെയ്തു.

ന്യോറമിന്റെ വിടവാങ്ങൽ സന്ദേശം ഇങ്ങനെ, “എന്നെ എപ്പോളും പിന്തുണച്ച എല്ലാ കേരള ആരാധകരോടും വിട പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിലുടനീളം നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു.”

“വിസ്മയിപ്പിക്കുന്ന ഈ ക്ലബ്ബിനായി ഇനി കളിക്കാൻ കഴിയില്ലെന്നതിൽ എനിക്ക് സങ്കടമുണ്ട്. ഈ ക്ലബ്ബിനായി എന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നത് എന്റെ സ്വപ്നമായിരുന്നു‌, എന്നാൽ ചില പ്രശ്നങ്ങൾ കാരണം എനിക്ക് ഇപ്പോൾ പോകേണ്ടതുണ്ട്. ഈ സീസണിൽ നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു.”

അതേ സമയം ഈ സീസൺ ഐ എസ് എല്ലിൽ ഇതു വരെ മൂന്ന് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ന്യോറം. എന്നാൽ പരിശീലകൻ കിബു വിക്കൂനയുടെ ആദ്യ ഇലവൻ പദ്ധതികളിൽ നിന്ന് പുറത്തായ താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ അവസാന മൂന്ന് മാച്ച് ഡേ സ്ക്വാഡുകളിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല.