SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആഴ്സനലിനും മാഞ്ചസ്റ്റർ സിറ്റിക്കും വൻ ജയം. ആഴ്സനൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് വെസ്റ്റ് ഹാമിനേയും, സിറ്റി എതിരില്ലാത്ത അഞ്ച് ​ഗോളിന് സ്വാൻസി സിറ്റിയേയും തോൽപ്പിച്ചു. സെരി എയിൽ കിരീടപ്പോരാട്ടത്തിന് ആവേശം പകർന്ന് ഒന്നാമതുള്ള യുവന്റസിനെ രണ്ടാമതുള്ള നാപ്പോളി തോൽപ്പിച്ചു.

ഇതിഹാസ പരിശീലകൻ ആഴ്സീൻ വെ​ഗർ, സീസണവസാനം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ മത്സരത്തിൽ മിന്നുന്ന വിജയമാണ് ​ഗണ്ണേഴ്സ് നേടിയത്. ആഴ്സനലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു എല്ലാ ​ഗോളുകളും പിറന്നത്. 51-ാം മിനിറ്റിൽ നാച്ചോ മാൺറിയാലിലൂടെ ​ഗണ്ണേഴ്സ് ലീ​ഡെടുത്തു. എന്നാൽ 64-ാം മിനിറ്റിൽ മാർക്ക് അർണാട്ടോവിച്ചിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.

പിന്നീട് 82-ാം മിനിറ്റിൽ ആരോൺ റാംസെ ആഴ്സനലിനെ മുന്നലെത്തിച്ചു. 85,89 മിനിറ്റുകളിൽ ഫ്രഞ്ച് താരം അലെസാന്ദ്രേ ലക്കാസെറ്റെയുട ഇരട്ട​ഗോളുകളിൽ ആഴ്സനൽ വൻജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് തന്നെയായിരുന്നു സിറ്റിയുടേയും പടയോട്ടം. ​ഗബ്രിയേൽ ജീസസ്, റഹിം സ്റ്റെർലിങ്ങ്,ഡേവിഡ് സിൽവ, കെവിൻ ഡി ബ്രുയൻ, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ​ഗോളുകൾ നേടിയത്.

അത്യന്തം ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് യുവന്റസ് സ്വന്തം മൈതാനത്ത് നാപ്പോളിയോട് തോൽവി വഴങ്ങിയത്. 90-ാം മിനിറ്റിൽ സെന​ഗലീസ് പ്രതിരോധ താരം കാലിദോ കൗലിബാലിയാണ് നാപ്പോളിക്കായി വിജയ​ഗോൾ സ്വന്തമാക്കിയത്. വിജയത്തോടെ സെരി എയിൽ ഒന്നാമതുള്ള യുവന്റസും രണ്ടാമതുള്ള നാപ്പോളിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞിട്ടുണ്ട്.