SHARE

ഇറ്റാലിയൻ സ്റ്റാർ സ്ട്രൈക്കർ മരിയോ ബലോട്ടലിയെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി രംഗത്ത്. ഇറ്റാലിയൻ സീരി എ റണ്ണേഴ്സ് അപ്പായ നാപ്പോളിയുടെ മുന്നേറ്റനിര താരങ്ങളായ ഡ്രയസ് മെർട്ടെൻസും, നായകൻ മാരക് ഹംസിക്കും അടുത്ത സീസണോടെ ടീം വിടാനൊരുങ്ങുകയാണ്. ഇവർക്ക് പകരമാണ് ബലോട്ടലിയെ ടീമിലെത്തിക്കാൻ നാപ്പോളി ലക്ഷ്യമിടുന്നത്. നിലവിൽ ഫ്രെഞ്ച് ലീഗ് വൺ ടീമായ നീസിന്റെ താരമായ ബലോട്ടലിയ്ക്ക് ടീമുമായുള്ള കരാർ അടുത്ത മാസം അവസാനിക്കുമെന്നതും താരത്തിൽ നോട്ടമിടാൻ നാപ്പോളിയെ പ്രേരിപ്പിച്ചു.

കഴിഞ്ഞ ദിവസം നാപ്പോളി ടീം ഇൻസ്റ്റാഗ്രാമിൽ ബലോട്ടലിയെ ഫോളോ ചെയ്യാൻ തുടങ്ങിയതും ഇതിന്റെ ഭാഗമായാണെന്ന് ആരാധകർ വിശ്വസിക്കുന്നു. അതേ സമയം നാപ്പോളിക്കൊപ്പം, ബുണ്ടസ് ലീഗ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രഞ്ച് ക്ലബ്ബ് മാർസെ, സീരീ എ ടീം തന്നെയയാ റോമ എന്നിവരും ബലോട്ടലിക്ക് പിന്നാലെയുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആവശ്യത്തിലേറെ കഴിവുണ്ടായിട്ടും പ്രതിഭ പുറത്തെടുക്കാനാവാതെ പോയ താരമാണ് ബലോട്ടലി. പലപ്പോളും കളിക്കളത്തിൽ വർണവെറിയുടേയും വംശീയതയുടേയും ഇരയായി മാറിയത് അയാളുടെ കരിയറിനെയും പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം പരിശീലകരായിട്ടുള്ള പ്രശ്നങ്ങളും കൂടിയായതോടെ ക്ലബ്ബുകളിൽ നിന്ന് ക്ലബ്ബുകളിലേക്കുള്ള പലായനമായിരുന്നു ബലോട്ടലിക്ക്. എന്നാൽ 2016 ൽ ഫ്രഞ്ച് ലീഗ് ക്ലബ്ബായ നീസിലെത്തിയത് മുതൽ മികച്ച ഫോമിലാണ് താരം. ഈ സീസണിൽ എല്ലാത്തരം മത്സരങ്ങളിൽ നിന്നുമായി 26 ഗോളുകൾ നേടിയ ബലോട്ടലി നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഇറ്റലി ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.