SHARE

ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ക്ലബിനുള്ളിലെ വിഷയങ്ങൾ ആരാധകർ കൂടി ഏറ്റെടുത്തതോടെ പല കളിക്കാരുടേയും കുടുംബാം​ഗങ്ങൾ സ്വന്തം വീടുപേക്ഷിച്ചുപോയതായാണ് റിപ്പോർട്ടുകൾ.

സീസണിൽ നാപ്പോളിയുടെ പ്രകടം മോശമായതാണ് പ്രശ്നങ്ങൾക്ക് കാരണം. ടീം പ്രകടനത്തിൽ അതൃപ്തനായ ക്ലബ് പ്രസിഡന്റ് ഔറേലിയോ ഡി ലോറെന്റിസ് താരങ്ങൾക്ക് ശിക്ഷാനടപടിയായി പ്രത്യേകം പരിശീലന സെഷൻ വെച്ചു. ഇറ്റലിയിൽ ഇത് പതിവുള്ളതാണ്. എന്നാൽ താരങ്ങൾ ഇതിന് പങ്കെടുക്കാതിരുന്നത് പ്രശ്നങ്ങൾ വഷളാക്കി. കളിക്കാർ ലോറെന്റിസുമായി ഇടയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകി എന്ന് ആരോപിച്ച് ചില താരങ്ങൾക്ക് നേരെ ക്ലബിന്റെ തീവ്ര ആരാധകവിഭാ​ഗമായ അൾട്രാസ് തിരഞ്ഞത്.

ക്യാപ്റ്റൻ ലോറെൻസോ ഇൻസിയെനെ, അലൻ, പീറ്റർ സിലിൻസ്കി തുടങ്ങിയ താരങ്ങൾക്ക് നേരയാണ് അക്രമമുണ്ടായത്. അലന്റെ വീടുകയറി ആക്രമണമുണ്ടായി. സിലൻസ്കിയുടെ കാർ ഇവർ തല്ലിത്തകർക്കുകയും ചെയ്തു. ഇതോടെ അലന്റെ ഭാര്യയും കുട്ടികളും വീടുവിട്ടു ഒരു ഹോട്ടലിലേക്ക് മാറി. ഇൻസിയെനെയുടെ ഭാര്യയും ഇവരുടെ വീടുവിട്ടുപോയി. സിലിൻസ്കിയുടെ ഭാ​ര്യ, താരത്തിനൊപ്പം പോളണ്ടിലേക്ക് പോയതായാണ് റിപ്പോർട്ട്

പരസ്യമായ അക്രമണം ആരാധകർ ഈ താരങ്ങൾക്ക് നേരെയാണ് നടത്തിയത്. എന്നാൽ ഇതിനുപുറമെ മറ്റ് താരങ്ങളേയും ഈ അൾട്രാസ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. സീനിയർ താരം കാലിദോ കൗലിബാലി സ്വകാര്യ സംരക്ഷണസേനയുടെ സഹായം തേടിയെന്നാണ് റിപ്പോർട്ട്.