ട്രാൻസ്ഫർ ജാലക കാലാവധി അവസാനിക്കുന്ന ദിവസം സ്പാനിഷ് മൂന്നേറ്റതാരം ഫെർണാണ്ടോ ലോറെന്റെയെ ടീമിലെത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ് നാപ്പോളി. ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്നു ലോറന്റെ.
രണ്ട് വർഷത്തെ കരാറിലാണ് 34-കാരനായ ലോറന്റെ നാപ്പോളിയിലെത്തുന്നത്. രണ്ടര ദശലക്ഷം യൂറോയായിരിക്കും ഈ സ്പാനിഷ് സ്ട്രൈക്കറുടെ വാർഷിക പ്രതിഫലം. നേരത്തെ രണ്ട് സീസണിൽ ഇറ്റലിയിലെ ചാമ്പ്യൻ ക്ലബായ യുവന്റസിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ഇപ്പോൾ നാല് വർഷത്തിന് ശേഷമാണ് ലോറന്റെയുടെ ഇറ്റലിയിലേക്കുള്ള മടങ്ങിവരവ്.
സ്പാനിഷ് ക്ലബ് അത്ലെറ്റിക്ക് ബിൽബാവോയിലൂടെ വളർന്ന ലോറന്റെ 2005 മുതൽ എട്ട് വർഷം സീനിയർ ടീമിൽ കളിച്ചു. സെവിയ്യ, സ്വാൻസി സിറ്റി തുടങ്ങിയ ക്ലബുകളിൽ കളിച്ച ലോറന്റെ 2017-ലാണ് ടോട്ടനത്തിലെത്തുന്നത്. സ്പാനിഷ് ദേശീയ ടീമിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.